90 പലസ്തീൻ തടവുകാരെ വിട്ടയച്ച് ഇസ്രയേൽ;

മോചനം വൈകിയെന്നാരോപിച്ച് ജയിലിന് മുൻപിൽ പ്രതിഷേധം, 7 പേർക്ക് പരിക്ക്
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ മാനുഷിക സഹായവുമായി അറുനൂറ് ട്രക്കുകൾ ഓരോ ദിവസവും ​ഗാസയിൽ എത്തും
ഇസ്രയേൽ ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെ 90 പലസ്തീന്‍ തടവുകാരെ വിട്ടയbച്ച് ഇസ്രയേല്‍. 69 സ്ത്രീകളെയും 21 കുട്ടികളെയുമാണ് മോചിപ്പിച്ചത്. അടുത്തിടെയാണ് ഇവരെ ഇസ്രയേൽ തടവിലാക്കിയത്. എന്നാൽ വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളുടെ മോചനം വൈകുന്നുവെന്ന് ആരോപിച്ച് ജയിലിന് പുറത്ത് ഒരു കൂട്ടം പലസ്തീനികൾ തമ്പടിച്ചിരുന്നു. മോചനം പ്രതീക്ഷിച്ച് ജയില്‍ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കള്‍ക്ക് ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ജയിലിന് പുറത്ത് നിലയുറപ്പിച്ച് ബന്ദികളുടെ ബന്ധുക്കളെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം ഹമാസ് മോചിപ്പിച്ച ഇസ്രയേലി വനിതാ തടവുകാര്‍ കുടുംബാംഗങ്ങളെ കണ്ടു

ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ഈജിപ്‌തിൽ നിന്ന് പ്രഥമ ശുശ്രൂഷാ ട്രക്കുകൾ ഗാസയിലേക്ക് എത്തി. മാനുഷിക സഹായവുമായി അറുനൂറ് ട്രക്കുകൾ ഓരോ ദിവസവും ​ഗാസയിൽ എത്തും. പകുതി ട്രക്കുകൾ ഗാസ മുനമ്പിന് വടക്കോട്ട് പോകുകയും ബാക്കിയുള്ളവ തെക്ക് ഭാഗത്തേക്ക് പോകുകയും ചെയ്യും. ഗാസയുടെ പ്രധാന തെരുവുകളിൽ പ്രാദേശിക സുരക്ഷാ സേനയെ പുനർവിന്യസിച്ചതായി ഗാസ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നത് നിരീക്ഷിക്കാൻ ഖത്തർ, യുണൈറ്റഡ് സ്‌റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥരും കെയ്‌റോയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്. തകർന്നടിഞ്ഞ ​ഗാസയിലേക്ക് പലസ്തീൻകാർ കൂട്ടമായി തിരിച്ചെത്തി. തിരിച്ചെത്തിയവർ കൊല്ലപ്പെട്ട ബന്ധുക്കളുടെ കബറിടങ്ങളിൽ പ്രാർഥന നടത്തി. സൈന്യം ഒഴിഞ്ഞുപോയ പട്ടണങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നഷ്ടമായവർക്കുവേണ്ടിയുള്ള തിരച്ചിലും നടക്കുകയാണ്.

ഞായറാഴ്ച്ച ഇസ്രയേൽ പ്രാദേശിക സമയം 11:15ഓടെയാണ് ഗാസയില്‍ വെടിനിർത്തൽ നിലവില്‍ വന്നത്. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ യഥാര്‍ത്ഥ്യമായത്. പ്രാദേശിക സമയം രാവിലെ എട്ടരയോടെ കരാർ നടപ്പാകുമെന്നായിരുന്നു ആദ്യത്തെ ധാരണ. എന്നാല്‍ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രോയല്‍ കരാറില്‍നിന്ന് പിന്മാറി. സാങ്കേതിക പ്രശ്നമാണ് പട്ടിക കൈമാറാന്‍ വൈകിയതിന് കാരണമെന്നാണ് ഹമാസ് നല്‍കിയ വിശദീകരണം. അതോടെ വെടിനിർത്തൽ നിലവില്‍ വന്നെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു.

കരാര്‍ നിലവില്‍വന്നതോടെ ഗാസയില്‍ ആഘോഷം തുടങ്ങി. ജനം കൂട്ടമായി തെരുവിലിറങ്ങി. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടക്കം തുടരുകയാണ്. ഗാസയില്‍നിന്ന് ഇസ്രയേല്‍ സേന അതിര്‍ത്തിയിലേക്ക് പിന്‍മാറി. നിലവില്‍ ഗാസ നഗരങ്ങള്‍ ഹമാസ് പൊലീസ് നിയന്ത്രണത്തിലാണ്. അതേസമയം കരാർ പ്രാബല്യത്തിൽ വരാൻ വൈകിയതോടെ ഗാസയില്‍ ഇന്നലെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 പേര്‍ കൂടി കൊല്ലപ്പെട്ടു. 2023 ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 46,913 ആയി ഉയര്‍ന്നു. 1,10,700 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക ആരോഗ്യ അധികൃതർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *