72 അതിഥിത്തൊഴിലാളികൾ മലയാളി യുവതികളെ വിവാഹം കഴിച്ചെന്ന് റിപ്പോർട്ട്. നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് മലയാളി യുവതികളെ വിവാഹം കഴിച്ച ഈ 72 പേരും.
എഐടിയുസിയിൽ അഫിലിയേറ്റ് ചെയ്ത തൊഴിലാളി സംഘടനയാണ് നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ. എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലാണ് അതിഥി തൊഴിലാളികൾ മലയാളി യുവതികളെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞവരിൽ ഏറിയ പങ്കും പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് ജീവിക്കുന്നതെന്നും യൂണിയൻ വ്യക്തമാക്കുന്നു.
നിരവധി അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡും മറ്റ് രേഖകളെല്ലാം സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികൾ വോട്ടർ പട്ടികയിലും അംഗങ്ങളായെന്നു യൂണിയൻ പറയുന്നു. ലൈഫ് പദ്ധതിയിലും അതിഥി തൊഴിലാളികൾ ഇടംപിടിച്ചിട്ടുണ്ട്. 24 വർഷം മുൻപു ഒഡിഷയിൽ നിന്നു തൊഴിൽ തേടിയെത്തിയ രാജേന്ദ്ര നായിക്കാണു എറണാകുളം ജില്ലയിൽ വാഴക്കുളം പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതി പട്ടികയിൽ അംഗമായത്. ഭവന നിർമാണത്തിനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ് രാജേന്ദ്ര നായിക്.
കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) കമ്മിറ്റികളുടെ രൂപീകരണവും പൂർത്തിയായെന്നു ഓർഗനൈസിങ് സെക്രട്ടറി ബിനു ബോസ് പറഞ്ഞു. അതിഥിത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി 25, 26 തീയതികളിൽ കോട്ടയത്ത് ദേശീയ കോൺക്ലേവ് എഐടിയുസി വിളിച്ചുചേർത്തിട്ടുണ്ട്.