ഗുജറാത്ത് തീരത്തിനു സമീപം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ 700 കിലോ മയക്കുമരുന്ന് പിടികൂടി.
മെത്ത് എന്നറിയപ്പെടുന്ന മെഥാംഫെറ്റാമൈന്‍ ആണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) പിടിച്ചെടുത്തത്. എട്ട് ഇറാന്‍ പൗരന്മാരെ അറസ്‌റ്റ് ചെയ്‌തു.
രഹസ്യവിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ നടത്തിയ ‘സാഗര്‍ മന്ഥന്‍- 4’ ഓപ്പറേഷനിലാണ് ഇത്രയേറെ മയക്കുമരുന്നു ശേഖരം പിടികൂടിയത്. എന്‍.സി.ബി, നാവികസേന, ഗുജറാത്ത് പോലീസ് ഭീകരവിരുദ്ധ സ്‌ക്വാഡ് എന്നിവ സംയുക്‌തമായാണ് ഓപ്പറേഷന്‍ നടത്തിയത്.
സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെയും ഏജന്‍സികളുടെ ഏകോപനത്തിന്റെയും മികച്ച ഉദാഹരണമാണ് ഓപ്പറേഷന്‍ വിജയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ മുന്നിലും പിന്നിലുമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അനേ്വഷണസംഘം. ഇതിനായി വിദേശ മയക്കുമരുന്ന് നിയമനിര്‍വഹണ ഏജന്‍സികളുടെ (ഡി.എല്‍.ഇ.എ) സഹായം തേടുമെന്നും എന്‍.സി.ബി അറിയിച്ചു.
ഇതുവരെ എന്‍.സി.ബി നടത്തിയ സംയുക്‌ത ഓപ്പറേഷനുകളിലായില്‍ ഏകദേശം 3,400 കിലോ മയക്കുമരുന്ന്, സൈക്കോട്രോപിക് പദാര്‍ഥങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. മൂന്ന് കേസുകളില്‍ 11 ഇറാനിയന്‍ പൗരന്മാരെയും 14 പാകിസ്‌താന്‍ പൗരന്മാരെയും അറസ്‌റ്റ് ചെയ്‌തു.