പലതവണയായി ലഭിച്ച പണമെല്ലാം കൂട്ടിയാണ് തുക 40.74 ലക്ഷത്തിന് അടുത്തെത്തിയത്
40 ലക്ഷം രൂപ, 89 ലാപ്‌ടോപ്പ്, 193 മൊബൈല്‍ ഫോണുകള്‍, 9 താലിമാല..തൊണ്ടിമുതലിന്റെ പട്ടികയാണെന്ന് തെറ്റിദ്ധരിക്കണ്ട. 2024ല്‍ യാത്രക്കാര്‍ ഡല്‍ഹി മെട്രോയില്‍ മറന്നുവച്ച സാധനങ്ങളുടെ ആകെ കണക്കാണിത്. ഇവയില്‍ പലതും പിന്നീട് ഉടമസ്ഥാവകാശം തെളിയിച്ച് ഉടമസ്ഥര്‍ തന്നെ തിരികെ വാങ്ങിക്കൊണ്ടുപോയിട്ടുമുണ്ട്.
പലരും മെട്രോ സ്‌റ്റേഷനിലെ എക്‌സറേ ബാഗേജ് സ്‌കാനറിന് സമീപത്താണ് സാധനങ്ങള്‍ മറന്നുപോകുന്നത്. സ്‌കാനര്‍ ട്രോളിയില്‍ സാധനങ്ങള്‍ കയറ്റി അകത്തുപ്രവേശിക്കുമ്പോള്‍ മെട്രോ ട്രെയിനില്‍ പ്രവേശിക്കാനുള്ള തിടുക്കത്തില്‍ സാധനങ്ങള്‍ എടുക്കാന്‍ മറക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇത്തരത്തില്‍ പലതവണയായി ലഭിച്ച പണമെല്ലാം കൂട്ടിയാണ് തുക 40.74 ലക്ഷത്തിന് അടുത്തെത്തിയത്. ലാപ്‌ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും പുറമേ 40 വാച്ചുകളും ലഭിച്ചിരുന്നു. 13 ജോഡി പാദസരമുള്‍പ്പെടെയുള്ള വെള്ളി ആഭരണങ്ങളും മോതിരങ്ങളും വളകളുമെല്ലാം ഈ പട്ടികയില്‍ പെടും. യുഎസ് ഡോളര്‍, സൗദി റിയാല്‍ ഉള്‍പ്പെടെ വിദേശ കറന്‍സികളും മെട്രോയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
ഡല്‍ഹി മെട്രോ നെറ്റ്വര്‍ക്കില്‍ 59 ആത്മഹത്യാശ്രമങ്ങളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. അതില്‍ 23 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 33 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. മൂന്നുപേരെ രക്ഷപ്പെടുത്താനായി. ആയുധം, സ്‌ഫോടകവസ്തു എന്നിവയും കടത്തിയ കണക്കുകള്‍ മെട്രോ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ഡല്‍ഹി മെട്രോയില്‍ തനിച്ച് യാത്ര ചെയ്ത 262 കുട്ടികളെ സിഐഎസ്എഫ് കണ്ടെത്തുകയും മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.