275 കോടി പ്രതിഫലം ചുമ്മാതല്ല, 1000 കോടി ബോക്‌സോഫീസ് ലക്ഷ്യം; വിജയിയുടെ അവസാന ചിത്രം കളറാവും!!

വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ സിനിമ ഉപേക്ഷിക്കുമെന്ന ഉറപ്പായിരിക്കുകയാണ്. വിജയിയുടെ അവസാന ചിത്രം താരത്തിന്റെ കരിയറിലെ 69ാം ചിത്രം കൂടിയാണിത്.

എച്ച്‌ വിനോദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിജയിയുടെ ദിവസങ്ങള്‍ക്ക് മുമ്ബുള്ള രാഷ്ട്രീയ പ്രസംഗം തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ടാക്കിയ പ്രകമ്ബനം ചെറുതല്ല. അതുകൊണ്ട് തന്നെ അവസാന സിനിമയ്ക്ക് ഇപ്പോഴേ വലിയ കാത്തിരിപ്പാണ് ഉള്ളത്.

കൊവിഡിന് ശേഷമുള്ള കാലഘട്ടത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇപ്പോള്‍ വിജയിയെ കാത്തിരിക്കുന്നത്. അത് മാത്രമല്ല അവസാന ചിത്രത്തിലൂടെ വിജയ് ഇന്ത്യന്‍ സിനിമയിലെ വലിയൊരു നാഴികകല്ല് സ്വന്തമാക്കാന്‍ കൂടിയാണ് ശ്രമിക്കുന്നത്.

ആദ്യത്തേത് ഇന്ത്യന്‍ ബോക്‌സോഫീസില്‍ ആയിരം കോടിയെന്ന നേട്ടം സ്വന്തമാക്കലാണ്. ദക്ഷിണേന്ത്യയിലെ എല്ലാ മാര്‍ക്കറ്റിലും വിജയിക്ക് വലിയ സ്വാധീനമുണ്ട്. തമിഴ്‌നാട്ടില്‍ നിലവിലെ ഇന്‍ഡസ്ട്രി ഹിറ്റും വിജയിയുടെ പേരിലാണ്. 200 കോടിയില്‍ അധികമാണ് ലിയോ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം കളക്‌ട് ചെയ്തത്.

അവസാനം റിലീസായ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം സമ്മിശ്ര പ്രതികരണം ലഭിച്ചിട്ടും വേള്‍ഡ് വൈഡ് 456 കോടി കളക്‌ട് ചെയ്തിരുന്നു. മറുവശത്ത് രജനീകാന്തിന്റെ വേട്ടയ്യന്‍ പോലുള്ള ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു. അവിടെയാണ് വിജയ് വമ്ബന്‍ താരമായി മാറുന്നത്. ആദ്യ ദിന കളക്ഷന്‍ മുതല്‍ ഫൈനല്‍ ഗ്രോസ് വരെ ഇപ്പോള്‍ വിജയ് ചിത്രങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നത്.

വിനോദിന്റെ ചിത്രത്തിലൂടെ ആയിരം കോടിയാണ് വിജയ് ബോക്‌സോഫീസില്‍ നിന്ന് വാരാന്‍ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് 300 കോടി കളക്ഷന്‍ സാധ്യമാകുമോ എന്നും ഇതിലൂടെ അറിയാം. അതേസമയം കേരളത്തില്‍ നിന്ന് 70 കോടിയില്‍ അധികം നേടിയാല്‍ ഇന്‍ഡസ്ട്രി ഹിറ്റും സാധ്യമാകും. ആന്ധ്രപ്രദേശ്-തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് 200 കോടി നേടിയാല്‍ ദക്ഷിണേന്ത്യയില്‍ നിന്ന് മാത്രം 500 കോടിയെന്ന കളക്ഷനും സാധ്യമാകും.

പിന്നെയുള്ളത് വേള്‍ഡ് വൈഡ് കളക്ഷനാണ്. തമിഴ് സിനിമയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ വളരെ ഉയരത്തിലാണ് ഇപ്പോള്‍. പൊന്നിയിന്‍ സെല്‍വന്‍ അത്തരത്തില്‍ വലിയ നേട്ടമുണ്ടാക്കിയ ചിത്രമാണ്. വിക്രം, ജയിലര്‍, ലിയോ എന്നിവയും വന്‍ നേട്ടമുണ്ടാക്കിയതാണ്. അതുകൊണ്ട് 500 കോടി വരെ വേള്‍ഡ് വൈഡും ഈ ചിത്രത്തിനും സാധ്യമായേക്കും.

കൊവിഡിന് ശേഷം ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് മാത്രമായി ആയിരം കോടി നേടിയ നടന്‍മാര്‍ വളരെ അപൂര്‍വമാണ്. വിജയ് ഈ പട്ടികയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. കൊവിഡിന് ശേഷമുള്ള വിജയ് ചിത്രങ്ങള്‍ എല്ലാം ചേര്‍ത്താല്‍ 910 കോടിക്ക് മുകളില്‍ ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് നേടിയിട്ടുണ്ട്. അവസാന ചിത്രം ബോക്‌സോഫീസില്‍ നിന്ന് 90.96 കോടി നേടിയാല്‍ ആയിരം കോടി ക്ലബില്‍ വിജയ് ഇടംപിടിക്കും.

ഷാരൂഖ് ഖാന്‍, പ്രഭാസ് പോലുള്ള താരങ്ങള്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. അടുത്തിടെ ജൂനിയര്‍ എന്‍ടിആറും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ബീസ്റ്റ് 131 കോടി, വാരിസ് 178.80 കോടി, ലിയോ 342 കോടിക്ക്, ഗോട്ട് 257.24 കോടി എന്നിങ്ങനെയാണ് വിജയിയുടെ നാല് ചിത്രങ്ങള്‍ ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് കളക്‌ട് ചെയ്തത്. അവസാന ചിത്രം ഉറപ്പായും മെഗാ ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് വിജയ് ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *