അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിച്ച, അത്ഭുതപ്പെടുത്തിയ മോഹൻലാലിന്റെ ആദ്യ സിനിമ”; ബറോസിന് വിജയാശംസകളുമായി മമ്മൂട്ടി

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസിന് വിജയാശംസകളുമായി നടൻ മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെയാണ് മമ്മൂട്ടി ആശംസകള്‍ അറിയിച്ചത്.

വർഷങ്ങള്‍ നീണ്ട സിനിമാ ജീവിതത്തില്‍ നിന്ന് മോഹൻലാല്‍ നേടിയ അറിവും പരിചയവും ഈ സിനിമയ്‌ക്ക് ഉതകുമെന്ന് ഉറപ്പുണ്ടെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

“ഇത്രകാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ‘. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമയ്‌ക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍ നേരുന്നു”- മമ്മൂട്ടി കുറിച്ചു.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ത്രീഡി ചിത്രം ബറോസ് നാളെയാണ് തിയേറ്ററുകളിലെത്തുന്നത്. മലയാളി പ്രേക്ഷകർക്ക് ക്രിസ്മസ് സമ്മാനമായി എത്തുന്ന ബറോസിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഒരു നടൻ അനിമേറ്റഡ് കഥാപാത്രത്തിനൊപ്പം മുഴുനീളം അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ബറോസ്. പൂർണമായും കുടുംബ പ്രേക്ഷകർക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ബറോസ് അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *