തിരുവനന്തപുരം: അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിപ്പുകാണിച്ചവർക്കെതിരെ വകുപ്പ് തലത്തിൽ അച്ചടക്ക നടപടിയെടുക്കുമെന്നും കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ ജീവനക്കാരും പെൻഷൻകാരും അനർഹമായി ക്ഷേമപെൻഷൻ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക യോഗം ചേർന്നിരുന്നു ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മരണപ്പെട്ടവരെ അതത് സമയത്ത് കൺകറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റിൽ നിന്ന് ഒഴിവാക്കുമെന്നും വാർഷിക മസ്റ്ററിങ്ങ് നിർബന്ധമാക്കുമെന്നും ഇതിന് ഫെയ്സ് ഓതൻറിക്കേഷൻ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുമാന സർട്ടിഫിക്കറ്റ്, ആധാർ സീഡിങ്ങ് എന്നിവ നിർബന്ധമാക്കും. സർക്കാർ സർവ്വീസിൽ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ല. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ക്ഷേമപെൻകാരുടെ അർഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പ്:
സർക്കാർ ജീവനക്കാരും പെൻഷൻകാരും അനർഹമായി ക്ഷേമപെൻഷൻ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക യോഗം ചേർന്നു. അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കും. തട്ടിപ്പുകാണിച്ചവർക്കെതിരെ വകുപ്പ് തലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരെയും നടപടിയുണ്ടാകും
മരണപ്പെട്ടവരെ അതത് സമയത്ത് കൺകറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റിൽ നിന്ന് ഒഴിവാക്കും. വാർഷിക മസ്റ്ററിങ്ങ് നിർബന്ധമാക്കും. ഇതിന് ഫെയ്സ് ഓതൻറിക്കേഷൻ സംവിധാനം ഏർപ്പെടുത്തും. വരുമാന സർട്ടിഫിക്കറ്റ്, ആധാർ സീഡിങ്ങ് എന്നിവ നിർബന്ധമാക്കും. സർക്കാർ സർവ്വീസിൽ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ല. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ക്ഷേമപെൻകാരുടെ അർഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും നിർദ്ദേശം നൽകി.
അതേ സമയം, ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് അയച്ച് കൊടുത്തിട്ടുണ്ടെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. തെറ്റായ കാര്യങ്ങൾ ആരും ചെയ്യരുതെന്ന ഉദ്ദേശമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.