തെന്നിന്ത്യൻ സൂപ്പർ താരം രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചർ’.വൻ ഹൈപ്പില്‍ വമ്ബൻ ബഡ്ജറ്റില്‍ എത്തുന്ന ചിത്രത്തിനെ കുറിച്ചുള്ള ആരാധക പ്രതീക്ഷകള്‍ ഏറെയാണ്.
400 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ചിത്രത്തില്‍ രാം ചരണിന്റെ നായികയായി ബോളിവുഡ് താരം കിയാര അദ്വാനി ആണ്.ജനുവരി പത്തിന് സംക്രാന്തി റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് രാം ചരണിന്റെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചിരിക്കുകയാണ് ആരാധകർ.നിലവില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കട്ടൗട്ട് ആണിതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് 256 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ട് ആരാധകർ സ്ഥാപിച്ചിരിക്കുന്നത്.ലുങ്കിയും ടി-ഷർട്ടും ധരിച്ച നടന്റെ ക്യാരക്ടർ ലുക്കിലുള്ള ചിത്രമാണ് കട്ടൗട്ടിലുള്ളത്.പുറകിലായി വെള്ള കുതിരയെയും കാണാൻ സാധിക്കും.ഇതിനോടകം തന്നെ നടന്റെ കൂറ്റൻ കട്ടൗട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
കേരളത്തില്‍ ഗെയിം ചേഞ്ചര്‍ റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ കേരളത്തില്‍ പ്രദർശനത്തിനെത്തിക്കും. രാം ചരണ്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രം, വമ്ബൻ ആക്ഷൻ രംഗങ്ങളും അമ്ബരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകള്‍ ഉണ്ട്. എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.