സമീപകാലത്ത് മൂന്നുപേരുടെ ജീവനെടുത്തിട്ടും എയർഗണ്ണിന്റെ ഉപയോഗം നിയന്ത്രിക്കാൻ തക്കതായ നടപടികളുണ്ടാകുന്നില്ല.
ദൂരെ നിന്നും ഉപയോഗിച്ചാല്‍ മാരകമായ പരിക്കൊന്നുമുണ്ടാവില്ലെങ്കിലും അടുത്തു നിന്നാണ് നിറയൊഴിക്കുന്നതെങ്കില്‍ ഫലം ഗുരുതരമാവാം. തിരുവനന്തപുരത്ത് യുവതിക്ക് വെടിയേറ്റ സംഭവം വിരല്‍ ചൂണ്ടുന്നത് കൃത്യമായ ആസൂത്രണത്തോടെ കൊലപാതകത്തിന് എയർഗണ്‍ ഉപയോഗിക്കാനുള്ള സാധ്യതയിലേക്കാണ്.
മലപ്പുറത്ത് ചങ്ങരംകുളം, ആലപ്പുഴയിലെ ഹരിപ്പാട്, എറണാകുളത്ത് ആലുവ എന്നിവിടങ്ങളില്‍ എയർഗണ്‍ ഉപയോഗിച്ചുള്ള വെടിവെപ്പില്‍ ഓരോ ആള്‍ വീതം മരിച്ചിരുന്നു. ആലുവയില്‍ ഹൈക്കോടതി ജീവനക്കാരൻ സഹോദരനെ എയർഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊന്നതാണ് അവസാനത്തേത്. കഴിഞ്ഞ വർഷം കേരളത്തില്‍ മാത്രം പത്തോളം ആക്രമണങ്ങളുണ്ടായി. 2022-ല്‍ ഉണ്ടായത് അഞ്ച് ആക്രമണങ്ങളാണ്. സംസ്ഥാനത്ത് എയർഗണ്‍ വില്‍പ്പനയില്‍ വർദ്ധനവുണ്ടായിട്ടുണ്ട്. വാങ്ങുന്നവർ ഭൂരിഭാഗവും കർഷകരും ഷൂട്ടിംഗ് പരിശീലിക്കുന്നവരുമാണ്. സ്വയരക്ഷയ്ക്കാണ് കർഷകർ ഉപയോഗിക്കുക.
എയർഗണ്‍ വാങ്ങാൻ ലൈസൻസ് വേണ്ട, വെറുമൊരു തിരിച്ചറിയല്‍ കാർഡ് മാത്രം മതി. ലൈസൻസോടെ മാത്രം ഉപയോഗിക്കേണ്ട തോക്കുകള്‍ എയർഗണ്‍ എന്ന പേരില്‍ വില്‍ക്കപ്പെടുന്നതായി ആരോപണമുണ്ട്. വാങ്ങുന്നയാള്‍ക്ക് ലൈസൻസ് വേണ്ടാത്തതിനാല്‍ ആരുടെയൊക്കെ കൈവശം എയർ ഗണ്‍ ഉണ്ടെന്നതിന് അധികൃതർക്ക് വ്യക്തമായ വിവരമൊന്നുമില്ല. അതുകൊണ്ടാണ് കുറ്റകൃത്യങ്ങള്‍ക്ക് എയർഗണ്‍ ഉപയോഗിക്കുന്നത് പതിവാകുന്നത്. കൊള്ളപ്പലിശയ്ക്ക് പണം നല്‍കുന്നവർ ആളുകളെ ഭീഷണിപ്പെടുത്താൻ എയർഗണ്‍ ഉപയോഗിക്കുന്നു. തിരിച്ചടവു മുടങ്ങിയവരുടെ വീടുകളിലെത്തി അവർ തോക്കു ചൂണ്ടും.
ഓണ്‍ലൈൻ വില്‍പ്പന പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പടെ എയർഗണ്ണുകള്‍ സുലഭമാണ്. 250 രൂപ മുതല്‍ 25000 രൂപയ്ക്ക് മുകളില്‍ വരെ എയർഗണ്ണുകള്‍ ലഭിക്കും. ഈ തോക്കുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് ലൈസൻസ് ആവശ്യവുമാണ്. വായുസമ്മർദം കൊണ്ടാണ് എയർഗണ്ണിന്റെ പ്രവർത്തനം. പലതരത്തിലുള്ള എയർഗണ്ണുകളുണ്ട്. അണ്ടർ ലൈൻ ക്രാക്കിംഗ് രീതിയിലുള്ളതും ബ്രേക്കിംഗ് ടൈപ്പിലുള്ളതുമുണ്ട്. സി.ഒ.ടു കാട്രിജ് ഉപയോഗിക്കുന്ന തോക്കുകള്‍ക്ക് വില കൂടും. 25,000 രൂപയില്‍ കൂടുതലാകും. സാധാരണ ഉപയോഗിക്കുന്ന ഫയർആംസിന്റെ മാതൃകയിലുള്ളവയാണത്. വിദഗദ്ധർക്ക് പോലും ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തിരിച്ചറിയാനാകില്ല. പിസ്റ്റളുകളില്‍ ഭൂരിഭാഗവും ബ്രേക്കിംഗ് ടൈപ്പിലുള്ളതാണ്. ഇത് 1500-2000 രൂപ നിരക്കില്‍ ലഭിക്കും.
വെടിയുണ്ടകളല്ല, പെല്ലെറ്റുകളാണ് എയർഗണ്ണില്‍ ഉപയോഗിക്കുന്നത്. വായുസമ്മർദംകൊണ്ടാണ് ഇത്തരം തോക്കുകള്‍ പ്രവർത്തിക്കുന്നത്. തലയിലോ അല്ലെങ്കില്‍ നെഞ്ചത്തോ പെല്ലെറ്റ് തറച്ച് ആഴത്തില്‍ മുറിവുണ്ടായാലാണ് അപകടമുണ്ടാവുക. പക്ഷികളെ തുരത്താനും മറ്റും ഉപയോഗിക്കുന്ന ഇത്തരം തോക്കുകള്‍ മനുഷ്യർക്ക് നേരേ ഉപയോഗിക്കുന്ന സംഭവങ്ങളും കൂടിവരികയാണ്.
2016-ല്‍ ആയുധനിയമത്തിലെ ചട്ടങ്ങളില്‍ ഭേദഗതി വന്നപ്പോള്‍ എയർഗണ്ണിന്റെ കാര്യത്തില്‍ വ്യക്തതയുണ്ടായി. ഉത്തരേന്ത്യയില്‍ ദേശാടന പക്ഷികളെ വെടിവയ്ക്കുന്നതിന് ശക്തിയേറിയ എയർഗണ്ണുകള്‍ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മേനകാ ഗാന്ധി ഉള്‍പ്പടെയുള്ളവർ രംഗത്തുവന്നതിനെ തുടർന്നാണിത്. ചട്ടമനുസരിച്ച് .177 ഇഞ്ച് ബോർ (4.55 എം.എം) ഉള്ളവയോ അതിന് താഴെയുള്ളവയോ മാത്രമേ എയർഗണ്‍ ഗണത്തില്‍ വരൂ. കൂടാതെ ഇവയുടെ മസില്‍ വെലോസിറ്റി (തോക്കിന്റെ വായയില്‍ നിന്ന് വെടിയുണ്ട പുറത്തേക്ക് പോകുമ്ബോഴുള്ള ചലനവേഗ തോത്) സെക്കന്റില്‍ 90 മീറ്ററില്‍ കൂടരുത്. 20 ജൂളില്‍ കൂടുതല്‍ മസില്‍ എനർജിയും ഉണ്ടാകരുത്. 4.55 എം.എം തോക്കാണെങ്കിലും അതിന്റെ മസില്‍ വെലോസിറ്റി സെക്കൻഡില്‍ 90ല്‍ കൂടുതലോ മസില്‍ എനർജി 20 ജൂളില്‍ കൂടുകയോ ചെയ്യുകയുമരുതെന്നാണ് ചട്ടം.