2025ലെ റിപ്പബ്ലിക് ദിന ചടങ്ങിലേക്കു വിശിഷ്ടാതിഥികളെ ക്ഷണിച്ച് പ്രധാനമന്ത്രി; കേരളത്തിൽനിന്ന് 150 പേർ

രാജ്യത്തിനു നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന 2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽനിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ ക്ഷണിച്ചു. വിവിധ മേഖലകളിൽ മികവു പുലർത്തിയവരെ ‘സ്വർണിം ഭാരതി’ന്റെ ശിൽപ്പികളായി അംഗീകരിച്ചാണു ക്ഷണം നൽകിയത്. കേരളത്തിൽനിന്ന് ഏകദേശം 150 പേർക്കാണു പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്.

രാഷ്ട്രനിർമാണത്തിൽ ഈ വ്യക്തികളുടെ അക്ഷീണ പരിശ്രമങ്ങളും സമൂഹത്തിന് അവർ നൽകിയ ശ്രദ്ധേയമായ സംഭാവനകളും ആഘോഷമാക്കാനും അംഗീകരിക്കാനും ലക്ഷ്യമിടുന്നതാണ് ഈ ഉദ്യമം. റിപ്പബ്ലിക് ദിന പരേഡിലെ സാന്നിധ്യം അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും രാജ്യത്തിന്റെ പുരോഗതിയോടുള്ള പ്രതിജ്ഞാബദ്ധതയ്ക്കുമുള്ള സാക്ഷ്യമാകും.

പാരാഒളിമ്പിക്സ് സംഘാംഗങ്ങളും അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ വിജയികളും, മികച്ച പ്രവർത്തനം കാഴ്ചവച്ച പിഎം-വിശ്വകർമ യോജന ഗുണഭോക്താക്കൾ, പിഎം കുസും പദ്ധതി ഗുണഭോക്താക്കൾ, പിഎം സൂര്യ ഘർ യോജന ഗുണഭോക്താക്കൾ, കൈത്തറി-കരകൗശലത്തൊഴി‌ലാളികൾ, മികച്ച പ്രവർത്തനം കാഴ്ചവച്ച ജലയോദ്ധാക്കൾ, കുടിവെള്ള-ശുചിത്വ പരിപാലനത്തിനുള്ള പാനി സമിതി അംഗങ്ങൾ, മൃഗസംരക്ഷണവും ക്ഷീരവികസനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗോകുൽ ദൗത്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർ, ‘മൈ ഭാരത്’ സന്നദ്ധപ്രവർത്തകർ, പിഎം മത്സ്യ സമ്പദ യോജന ഗുണഭോക്താക്കൾ, ‘മൻ കീ ബാത്ത്’ പരിപാടിയിൽ പ്രധാനമന്ത്രി പരാമർശിച്ച വ്യക്തികൾ, മികച്ച സ്റ്റാർട്ടപ്പുകൾ സൃഷ്ടിച്ചവർ, പ്രത്യേക നേട്ടം കൈവരിച്ച ഗോത്രവർഗ ഗുണഭോക്താക്കൾ തുടങ്ങിയവർക്കാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *