2025-26 സീസണിലെ അസംസ്കൃത ചണത്തിന്റെ മിനിമം താങ്ങുവിലയ്ക്ക് (MSP) കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരം

ന്യൂഡൽഹി: 2025-26 മാർക്കറ്റിംഗ് സീസണിൽ നിശ്ചയിച്ച അസംസ്കൃത ചണത്തിന്റെ മിനിമം താങ്ങുവില (MSP) യ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (CCEA) അംഗീകാരം നൽകി .

2025-26 സീസണിലെ  അസംസ്കൃത ചണത്തിന്റെ (TD-3 ഗ്രേഡ്) കുറഞ്ഞ താങ്ങുവില ക്വിന്റലിന് 5,650/- രൂപയായി നിശ്ചയിച്ചു. ഇത് അഖിലേന്ത്യാ ശരാശരി ഉൽപാദന ചെലവിനേക്കാൾ 66.8 ശതമാനം വരുമാനം ഉറപ്പാക്കും. 2018-19 ലെ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചതുപോലെ  അഖിലേന്ത്യാ ശരാശരി ഉൽപാദന ചെലവിന്റെ 1.5 മടങ്ങെങ്കിലും കുറഞ്ഞ താങ്ങുവില നിശ്ചയിക്കുക എന്ന തത്വവുമായി യോജിച്ചതാണ് 2025-26 മാർക്കറ്റിംഗ് സീസണിലെ അസംസ്‌കൃത ചണത്തിന്റെ അംഗീകൃത എം‌എസ്‌പി.

2024-25 ലെ മുൻ മാർക്കറ്റിംഗ് സീസണിനെ അപേക്ഷിച്ച് 2025-26 മാർക്കറ്റിംഗ് സീസണിലെ അസംസ്‌കൃത ചണത്തിന്റെ എം‌എസ്‌പി ക്വിന്റലിന് 315 രൂപ വർദ്ധിപ്പിച്ചു. 2014-15 ൽ 2400 രൂപയിൽ നിന്ന് 2025-26 ൽ 5,650 രൂപയായി അസംസ്‌കൃത ചണത്തിന്റെ എം‌എസ്‌പി കേന്ദ്ര ഗവണ്മെന്റ്  ഉയർത്തിയപ്പോൾ, ക്വിന്റലിന് 3250 രൂപ (2.35 മടങ്ങ്) വർദ്ധനവാണ് രേഖപ്പെടുത്തിയത്.

2014-15 മുതൽ 2024-25 വരെയുള്ള കാലയളവിൽ ചണം കർഷകർക്ക് നൽകിയ എം‌എസ്‌പി തുക 1300 കോടി രൂപയായിരുന്നെങ്കിൽ 2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ 441 കോടി രൂപ മാത്രമായിരുന്നു എം എസ് പി ഇനത്തിൽ കർഷകർക്ക് നൽകിയത്.

രാജ്യത്തെ 40 ലക്ഷം കർഷക കുടുംബങ്ങളുടെ ഉപജീവനമാർഗം നേരിട്ടോ അല്ലാതെയോ ചണ വ്യവസായത്തെ ആശ്രയിച്ചിരിക്കുന്നു. ഏകദേശം 4 ലക്ഷം തൊഴിലാളികൾക്ക് ചണ മില്ലുകളിൽ നേരിട്ട് തൊഴിൽ ലഭിക്കുകയും ചണ വ്യാപാരം നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം 1,70,000 കർഷകരിൽ നിന്നാണ് ചണം സംഭരിച്ചത്. ചണ കർഷകരിൽ 82% പശ്ചിമ ബംഗാളിൽ നിന്നുള്ളവരും, ബാക്കിയുള്ളവരിൽ 9% വീതം അസമിലും ബീഹാറിലും നിന്നുള്ളവരാണ്.

താങ്ങുവില സംബന്ധിച്ച പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര ഗവണ്മെന്റ് നോഡൽ ഏജൻസിയായി ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജെസിഐ) തുടരുകയും, അത്തരം പ്രവർത്തനങ്ങളിൽ എന്തെങ്കിലും നഷ്ടം ഉണ്ടാവുകയാണെങ്കിൽ അത് കേന്ദ്ര ഗവണ്മെന്റ് പൂർണ്ണമായും തിരികെ നൽകുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *