2030ല്‍ ലോജിസ്റ്റിക് സോണുകള്‍ 59 ആയി ഉയർത്താനാണ് ലക്ഷ്യമെന്ന് സൗദി ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി എൻജി.
സ്വാലിഹ് അല്‍ജാസർ പറഞ്ഞു. റിയാദില്‍ ആരംഭിച്ച വിതരണ ശൃംഖല സമ്മേളനത്തില്‍ (സപ്ലൈ ചെയിൻ കോണ്‍ഫറൻസ്) നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 2030ഓടെ ലോജിസ്റ്റിക് മേഖലകളുടെ എണ്ണം നിലവിലെ 22ല്‍നിന്ന് 59ലേക്ക് എത്തിക്കാൻ ഗതാഗത-ലോജിസ്റ്റിക് സംവിധാനം പരിശ്രമം തുടരുകയാണ്.
ഇത് മത്സരശേഷി വർധിപ്പിക്കുന്നതിനും വാണിജ്യ, വ്യവസായിക പ്രസ്ഥാനങ്ങളെ പിന്തുണക്കുന്നതിനും വിവിധ ഗതാഗത സംവിധാനങ്ങളെ ഏകീകരിക്കാനാണെന്നും മന്ത്രി പറഞ്ഞു. ഭരണകൂട പിന്തുണയിലൂടെ ദേശീയ സമ്ബദ്വ്യവസ്ഥയെ പിന്തുണക്കാനുള്ള ലോജിസ്റ്റിക് ശേഷി ശക്തിപ്പെടുത്തുന്നതില്‍ സൗദി വിജയിച്ചു. തുറമുഖങ്ങളില്‍ 18 ലോജിസ്റ്റിക്സ് സോണുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു.
നിരവധി ലോജിസ്റ്റിക്സ് സോണുകളില്‍ നിക്ഷേപിക്കാൻ തദ്ദേശീയവും അന്തർദേശീയവുമായ സ്വകാര്യ കമ്ബനികള്‍ വലിയ താല്പര്യമാണ് പ്രകടിപ്പിക്കുന്നത്. സ്വകാര്യ മേഖലയില്‍നിന്നുള്ള മൊത്തം നിക്ഷേപം ആയിരം കോടി റിയാല്‍ കവിഞ്ഞു. ലോജിസ്റ്റിക്സ് മേഖല സാക്ഷ്യംവഹിച്ച വലിയ വികസനത്തിലൂടെ ആഗോള വിതരണ ശൃംഖലയില്‍ അതിന്റെ സന്നദ്ധത നിലനിർത്തുന്നതില്‍ സൗദി വിജയിച്ചതായും ഗതാഗത മന്ത്രി സൂചിപ്പിച്ചു.
ആഗോള വിതരണ ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും മേഖലയിലെ വിതരണ ശൃംഖലകളുടെയും ചരക്കുകളുടെയും ഒഴുക്ക് ഉറപ്പാക്കുന്നതിനാവശ്യമായ ഘടകങ്ങള്‍ സ്ഥാപിക്കുന്നതിലും വലിയതും വളരുന്നതുമായ ലോജിസ്റ്റിക്കല്‍ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിലും സൗദി ഫലപ്രദമായ പങ്കുവഹിച്ചുവെന്നും ഗതാഗത മന്ത്രി പറഞ്ഞു.