2024 ജനുവരിക്കും ജൂലൈയ്ക്കും ഇടയില്‍ പഞ്ചാബ് ബോർഡറില്‍ ബിഎസ്‌എഫ് വെടിവച്ചു വീഴ്ത്തിയത് 125 പാക്കിസ്ഥാൻ ഡ്രോണുകള്‍.2023 ല്‍ 107 ഡ്രോണുകളാണ് ബിഎസ്‌എഫ് വെടിവച്ചിട്ടത്. 2022 ല്‍ ഇത് വെറും 22 ആയിരുന്നു. വർഷങ്ങള്‍ കഴിയുന്തോറും പഞ്ചാബിലെ പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയില്‍ നിന്ന് ഇന്ത്യൻ പ്രദേശത്തേക്ക് എത്തുന്ന ഡ്രോണുകളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന്, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, വ്യാജ കറൻസികള്‍ എന്നിവ കൊണ്ടുവരുന്ന ഡ്രോണുകള്‍ അബോഹർ, ഫിറോസ്പൂർ, തർണ്‍ തരണ്‍, അമൃത്സർ, ഗുരുദാസ്പൂർ, പഠാൻകോട്ട് ജില്ലകളിലാണ് വെടിവച്ചിട്ടതെന്ന് ബിഎസ്‌എഫ് വൃത്തങ്ങള്‍ അറിയിച്ചു. ബിഎസ്‌എഫില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച ഡ്രോണ്‍ ഇന്റർഡിക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതല്‍ ഡ്രോണുകള്‍ പിടിച്ചെടുക്കാൻ കഴിയുന്നുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു.പഞ്ചാബില്‍ പിടിച്ചെടുത്തവയില്‍ കൂടുതല്‍ ചൈനീസ് നിർമ്മിത ഡിജെഐ മാവിക്-3 ക്ലാസിക് ഡ്രോണുകളാണ്. ജനുവരിക്കും ജൂലൈ ഒൻപതിനും ഇടയില്‍ ഡ്രോണുകളില്‍ കടത്താൻ ശ്രമിച്ച 145 കിലോ ഹെറോയിൻ, 15 കിലോ ഒപ്പിയം എന്നിവ പിടിച്ചെടുത്തു. ഇന്ത്യൻ എക്സ്പ്രസിനു ലഭിച്ച കണക്കുകള്‍ പ്രകാരം 18 ആയുധങ്ങളും 24 മാഗസിനുകളും 313 വെടിയുണ്ടകളും വിവിധ അതിർത്തി പ്രദേശങ്ങളില്‍ നിന്ന് ആറ് മാസത്തിനിടെ പിടിച്ചെടുത്തിട്ടുണ്ട്.പഞ്ചാബിലെ അതിർത്തി വേലിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനും കൊല്ലപ്പെട്ടു, പാകിസ്ഥാൻ സിം കാർഡുകളുള്ള കുറച്ച് മൊബൈല്‍ ഫോണുകളും ഇയാളുടെ പക്കല്‍നിന്നും കണ്ടെടുത്തു. പാക്കിസ്ഥാനുമായി 553 കിലോമീറ്റർ നീളത്തിലാണ് പഞ്ചാബ് അതിർത്തി പങ്കിടുന്നത്, ഇതില്‍ ഭൂരിഭാഗവും വേലി കെട്ടിയതാണ്.