ന്യൂ ഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വികസിത ഭാരതത്തെക്കുറിച്ചുള്ള ദർശനം 2047 ഓടെ സാക്ഷാത്കരിക്കാൻ കഠിനമായി പരിശ്രമിക്കണമെന്ന് രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് എൻസിസി കേഡറ്റുകളോട് ആഹ്വാനം ചെയ്തു.അവരെ ഇന്ത്യയുടെ ആസ്തികളായി അദ്ദേഹം വിശേഷിപ്പിച്ചു. 2025 ജനുവരി 20 ന് ഡൽഹി കന്റോൺമെന്റിലെ എൻസിസി റിപ്പബ്ലിക് ദിന ക്യാമ്പ് സന്ദർശിച്ചു കേഡറ്റുകളെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രവർത്തന മേഖല ഏതായാലും എൻസിസിയിൽ നിന്ന് ലഭിച്ച ‘നേതൃത്വം’, ‘അച്ചടക്കം’, ‘അഭിലാഷം’, ‘ദേശസ്‌നേഹം’ എന്നീ ഗുണങ്ങളിലൂടെ കേഡറ്റുകൾ രാഷ്ട്രനിർമ്മാണത്തിന് സംഭാവന ചെയ്യണമെന്ന് രക്ഷാ മന്ത്രി ആഹ്വാനം ചെയ്തു .
2047 ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രതിജ്ഞയെടുത്തിട്ടുണ്ട്. അദ്ദേഹം സ്വയം ഒരു എൻസിസി കേഡറ്റാണ് . ഒരു മുൻ എൻസിസി കേഡറ്റ് ഒരു സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, അത് നിറവേറ്റുക എന്നത് മറ്റ് എല്ലാ കേഡറ്റുകളുടെയും ഏറ്റവും വലിയ ഉത്തരവാദിത്വമായി മാറുന്നു. “വികസിത ഭാരതം എന്നാൽ ഒരു ഭൂപ്രദേശത്തിന്റെ വികസനമല്ല; സാമൂഹികവും സാംസ്കാരികവുമായ വൈവിധ്യങ്ങൾക്കിടയിലും ഐക്യത്തോടെ ജീവിക്കുന്ന 140 കോടി ഇന്ത്യക്കാരുടെ പുരോഗതിയാണ്. സ്വന്തം ആവശ്യങ്ങൾക്കായി ചെയ്യുന്ന കാര്യങ്ങൾക്കൊപ്പം,സമൂഹത്തിന് വേണ്ടിയും എന്തെങ്കിലും നല്ലത് ചെയ്യണം. അതിലൂടെ താമസിയാതെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറും,” ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.
കേഡറ്റുകളുടെ പ്രതിബദ്ധത, അച്ചടക്കം, രാജ്യസ്നേഹം എന്നിവയ്ക്ക് രക്ഷാ മന്ത്രി അവരെ അഭിനന്ദിച്ചു. ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് നേടാൻ കഴിഞ്ഞത് എല്ലാവരുടെയും, പ്രത്യേകിച്ച് യുവാക്കളുടെ കഠിനാധ്വാനം മൂലമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ” എൻസിസി കേഡറ്റുകളെ കാണുമ്പോഴെല്ലാം, ഞാൻ അവരിൽ ഒരു കേഡറ്റിനെ മാത്രമല്ല കാണുന്നത്. നിരവധി ശരീരങ്ങളും ഒരു ആത്മാവും, നിരവധി ശാഖകളും ഒരു വേരും, നിരവധി കിരണങ്ങളും ഒരു പ്രകാശവുമുള്ള ഇന്ത്യയുടെ പ്രതിഫലനമാണ് ഞാൻ കാണുന്നത് . ഈ കേഡറ്റുകൾ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ളവരാണ്, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു, വ്യത്യസ്ത ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരുന്നു, എന്നാൽ അവരിൽ പൊതുവായുള്ള ഒരു ഘടകം ‘ഐക്യം’ ആണ്. അവരുടെ ഊർജ്ജവും ഉത്സാഹവും ഇന്ത്യയുടെ ഭാവി ശോഭനമാണെന്നതിന്റെ തെളിവാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ അതേ സമയത്ത് തന്നെ നിരവധി രാജ്യങ്ങൾ സ്വതന്ത്രമായെന്നും ശ്രീ രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. “അച്ചടക്കം, സമഗ്രത, ദേശീയ ഐക്യം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിച്ച രാജ്യങ്ങൾ മാത്രമാണ് ഇന്ന് വികസിച്ചുകൊണ്ടിരിക്കുന്നത്, എന്നാൽ അവയില്ലാത്ത രാജ്യങ്ങൾ പ്രതിസന്ധിയിലാണ് ,” അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിക്കും അത്യന്താപേക്ഷിതമായ ഈ ഗുണങ്ങൾ നൽകുന്ന എൻസിസിയെ അദ്ദേഹം അഭിനന്ദിച്ചു.
സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോൾ പുതിയ സമീപനവും പുതിയ വൈദഗ്ധ്യവും ആവശ്യമായതിനാൽ പഠനം ഒരിക്കലും നിർത്തരുതെന്ന് ശ്രീ രാജ്‌നാഥ് സിംഗ് കേഡറ്റുകളോട് ആഹ്വാനം ചെയ്തു. പഴയ സമീപനമോ പഴയ വൈദഗ്ധ്യമോ ഉപയോഗിച്ച് പുതിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ല എന്നതിനാൽ മാറുന്ന കാലത്തിനനുസരിച്ച് സ്വയം രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി . ഭാവിയ്ക്കായി നൈപുണ്യ വികസനത്തിന് മുൻഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരിക്കലും പിന്മാറരുത് ‘എന്ന മനോഭാവമാണ് വിജയത്തിന്റെ താക്കോലെന്ന് പറഞ്ഞുകൊണ്ട്, ആത്മവിശ്വാസത്തോടെയും പരാജയഭീതിയില്ലാതെയും എല്ലാ വെല്ലുവിളികളെയും നേരിടാൻ രക്ഷാ മന്ത്രി കേഡറ്റുകളോട് അഭ്യർത്ഥിച്ചു.
വലിയ സ്വപ്നങ്ങൾ കാണാനും, അവരുടെ യഥാർത്ഥ സ്വഭാവവും പ്രതിഭയും തിരിച്ചറിയാനും, ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഉത്സാഹത്തോടെ പ്രവർത്തിക്കാനും കേഡറ്റുകളോട് ആവശ്യപ്പെട്ടു കൊണ്ട് രക്ഷാ മന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പ്രശസ്തമായ ‘छोटे मन से कोई बड़ा नहीं होता, टूटे मन से कोई खड़ा नहीं होता’ എന്ന കവിതയിൽ നിന്ന് വരികൾ ഉദ്ധരിച്ചുകൊണ്ട്, അദ്ദേഹം കേഡറ്റുകളെ എപ്പോഴും വിനയാന്വിതരും ശുഭാപ്തിവിശ്വാസികളുമായിരിക്കാൻ പ്രേരിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി, എൻസിസിയുടെ മൂന്ന് വിഭാഗങ്ങളിൽ നിന്നുമുള്ള കേഡറ്റുകൾ അവതരിപ്പിച്ച ‘ഗാർഡ് ഓഫ് ഓണർ’ ശ്രീ രാജ്‌നാഥ് സിംഗ് പരിശോധിച്ചു . മികച്ച പ്രകടനത്തിനും കർത്തവ്യത്തോടുള്ള സമർപ്പണത്തിനും കേഡറ്റുകൾക്ക് രക്ഷാ മന്ത്രി പതക്, പ്രശംസാ പത്രങ്ങൾ എന്നിവ നൽകുന്ന ‘ഇൻവെസ്റ്റിച്യുർ ചടങ്ങ്’ പരിപാടിയോട് അനുബന്ധിച്ചു നടന്നു . കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ അണ്ടർ ഓഫീസർ തേജ വി പി,വടക്കുകിഴക്കൻ മേഖല ഡയറക്ടറേറ്റിലെ സീനിയർ അണ്ടർ ഓഫീസർ ആര്യമിത്ര നാഥ് എന്നിവർക്ക് ഈ വർഷത്തെ “രക്ഷാമന്ത്രി പതക്” സമ്മാനിച്ചു. ആന്ധ്രാപ്രദേശ് & തെലങ്കാന ഡയറക്ടറേറ്റിലെ കേഡറ്റ് ദൊണ്ടാര ഗ്രീഷ്മ, ജമ്മു കശ്മീർ & ലഡാക്ക് ഡയറക്ടറേറ്റിലെ ജൂനിയർ അണ്ടർ ഓഫീസർ അബിദ അഫ്രീൻ, മഹാരാഷ്ട്ര ഡയറക്ടറേറ്റിലെ സാർജന്റ് മനൻ ശർമ്മ, മധ്യപ്രദേശ് & ഛത്തീസ്ഗഡ് ഡയറക്ടറേറ്റിലെ സാർജന്റ് രാഹുൽ ബാഗേൽ എന്നിവർക്ക് പ്രശംസപത്രങ്ങളും സമ്മാനിച്ചു.