2 സഞ്ചി, ഒരു അരിച്ചാക്ക്; പ്രതി പണവും സ്വര്‍ണവും കൊണ്ടുപോയത് തലച്ചുമടായി; ഉറക്കം രഹസ്യഅറയ്ക്ക് മുകളില്‍

വളപട്ടണത്തെ അരിവ്യാപാരി അഷ്റഫിന്റെ വീട്ടില്‍ കവർച്ച നടത്തിയശേഷം അയല്‍ക്കാരനായ ലിജേഷ് പണവും സ്വർണവും കൊണ്ടുപോയത് അരിച്ചാക്കിലും സഞ്ചിയിലുമായി.

കവർച്ചയ്ക്കുശേഷം രണ്ട് വെള്ളസഞ്ചികളിലും ഒരു പ്ലാസ്റ്റിക് അരിച്ചാക്കിലുമായിട്ടാണ് പണവും സ്വർണവും 30 മീറ്റർ പുറകിലുള്ള വീട്ടിലേക്ക് ലിജേഷ് കൊണ്ടുപോയത്. ഒരു സഞ്ചിയില്‍ ആഭരണങ്ങളും മറ്റൊരു സഞ്ചിയിലും ചാക്കിലുമായി പണവും നിറച്ച്‌ തലച്ചുമടായിട്ടാണ് വീട്ടിലെത്തിച്ചത്.

ഭാര്യയും മക്കളും അമ്മയും ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ എത്തിച്ചു. തുടർന്ന് ഇരുമ്ബുകട്ടിലിന്റെ അടിഭാഗത്ത് ഇരുമ്ബ് പട്ടകളും ഷീറ്റും കൊണ്ടുണ്ടാക്കിയ രഹസ്യ അറയിലേക്ക് അവ അടുക്കിവെച്ചു. വർഷങ്ങള്‍ക്കുമുന്നേ ഇത്തരത്തിലുള്ള ഇരുമ്ബറ ഉണ്ടാക്കിയതായും അറയെക്കുറിച്ച്‌ വീട്ടുകാർക്ക് യാതൊരറിവും ഉണ്ടായിരുന്നില്ലെന്നും ലിജേഷ് പറഞ്ഞു. ആ കട്ടിലിലാണ് ലിജേഷ് കിടന്നുറങ്ങാറ്. ജോലി സംബന്ധമായ ഉപകരണങ്ങളും മറ്റുമാണ് മുറി നിറയെ ഉണ്ടായിരുന്നത്.

കവർച്ച നടന്നതിന്റെ തൊട്ടടുത്തദിവസം രാവിലെ മോഷണം നടത്തിയ ദിവസം ഉപയോഗിച്ച ടീഷർട്ടും മുഖാവരണവും വീടിന്റെ മുകളിലെ നിലയിലെ മുറിയില്‍ കൂട്ടിയിട്ട് കത്തിച്ചതായി ലിജേഷ് മൊഴി നല്‍കി.

ലിജേഷ് അലമാരയും ലോക്കറും നിർമിച്ചുനല്‍കാറുണ്ട്. വെല്‍ഡിങ് അറിയുന്നതുകൊണ്ട് ജനല്‍ക്കമ്ബികള്‍ അഴിച്ചെടുക്കാൻ പെട്ടെന്ന് സാധിച്ചു. ലോക്കറിന്റെ താക്കോല്‍ സമീപത്തുനിന്ന് ലഭിച്ചെന്നും അന്വേഷണ സംഘത്തോട് പ്രതി പറഞ്ഞു.

കണ്ണൂർ: പണവും ആഭരണങ്ങളും കണ്ടെടുക്കാൻലിജേഷിന്റെ വീട്ടില്‍ പോലീസ് എത്തുന്നത് ഞായറാഴ്ച രാത്രി 10.10-ന്.അറസ്റ്റുവിവരംകേട്ട് ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞ് ലിജേഷിന്റെ ഭാര്യ വാവിട്ടു കരഞ്ഞു. അമ്മയ്ക്കും കരച്ചിലടക്കാനായില്ല. ലിജേഷിന്റെ രണ്ടുമക്കള്‍ ഒന്നുമറിയാതെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.

ഒന്നരമണിക്കൂർകൊണ്ട് പോലീസ് സംഘം പണവും സ്വർണാഭരങ്ങളും എണ്ണിത്തിട്ടപ്പെടുത്തി. അവ ട്രോളി ബാഗിലാക്കി പുറപ്പെടുന്നതിന് തൊട്ടുമുൻപായി ലിജേഷിന്റെയും ഭാര്യയുടെയും ബന്ധുക്കള്‍ വീട്ടിലെത്തി. ഉണർന്ന കുട്ടികള്‍ പോലീസുകാരെയും ബന്ധുക്കളെയും കണ്ടതോടെ പകച്ചു. പോലീസ് ഇറങ്ങിയതിനുപിന്നാലെ കുട്ടികളെയും ഭാര്യയെയും അമ്മയെയുംകൂട്ടി ബന്ധുക്കളും വീടുപൂട്ടി ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *