പതിനെട്ടു കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവുകടത്ത് സംഘം പിടിയില്‍. ആലപ്പുഴ കൊമ്മാടി ജങ്ഷനു സമീപത്തുനിന്നാണ് കാറിലെത്തിയ മൂന്നംഗ സംഘത്തെ എക്സൈസ് പിടികൂടിയത്.
കരുനാഗപ്പള്ളി മരത്തൂര്‍ കുളങ്ങര തെക്ക് കടത്തൂര്‍ ഷിബില മന്‍സിലില്‍ അലിഫ് ഷാ നജീം (23), കരുനാഗപ്പള്ളി മരുത്തൂര്‍ കുളങ്ങര തെക്ക് ആലുംകടവ് ബാദുഷാ മന്‍സിലില്‍ മുഹമ്മദ് ബാദുഷ (23), കരുനാഗപ്പള്ളി അയനീവേലിക്കുളങ്ങര അജിത് നിവാസില്‍ അജിത് പ്രകാശ് (24) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശില്‍നിന്ന് കഞ്ചാവ് നാട്ടിലെത്തിച്ചശേഷം എറണാകുളത്തുനിന്നു കാര്‍ വാടകയ്ക്കെടുത്ത് ഇവര്‍ വില്‍പ്പന നടത്തിവരികയായിരുന്നു. ആലപ്പുഴയിലെ അതിര്‍ത്തിപ്രദേശങ്ങളിലും എറണാകുളത്തുമായിരുന്നു പ്രധാന വില്‍പ്പന.
18.1 കിലോ കഞ്ചാവാണ് പ്രതികളില്‍നിന്നു പിടിച്ചെടുത്തത്. നിരവധി യുവാക്കള്‍ ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരില്‍ പ്രധാനികളെക്കുറിച്ചുള്ള വിവരം എക്സൈസിനു ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഹരികടത്തിനു സാമ്ബത്തിക സഹായം ചെയ്യുന്ന ചൂനാട് സ്വദേശിയെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്ക്വഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. മഹേഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.