എളവള്ളിയില്‍ ഉപ്പ് കലർന്നതിനാല് 17 മാസം വെള്ളം വിതരണം ചെയ്യാതിരുന്ന ജലനിധി ശുദ്ധജല ശുചിത്വ പദ്ധതി ഉപഭോക്താക്കള്‍ക്ക് വെള്ളക്കരം ഇനത്തില്‍ 60 ലക്ഷം രൂപ വിട്ടുനല്‍കി.
കുടിവെള്ള സ്രോതസ്സായ മുല്ലശ്ശേരി കെ.എല്‍.ഡി.സി കനാലിലേക്ക് കനോലി കനാലില്‍നിന്ന് വേലിയേറ്റ സമയത്ത് അമിത ഉപ്പുവെള്ളം കലരുകയായിരുന്നു. വിതരണം നിർത്തിവെക്കുകയും ചെയ്തു.
കഴിഞ്ഞ കാലങ്ങളില്‍ ശുദ്ധജല വിതരണം നിർത്തിവെക്കുന്ന കാലയളവിലെ കരം വെള്ളം വിതരണം പുനരാരംഭിക്കുന്ന സമയത്ത് അധികമായി നല്‍കുകയാണ് ചെയ്തിരുന്നത്.
ഒരു ഉപഭോക്താവിന് രണ്ട് മാസത്തില്‍ മിനിമം ഉപയോഗിക്കാവുന്ന പതിനായിരം ലിറ്റർ വെള്ളത്തിന്റെ കരമാണ് വിട്ടുനല്‍കിയത്. മണച്ചാല്‍ കൃത്രിമ തടാകം, തിരുവില്ലാമല ബള്‍ക്ക് വാട്ടർ പദ്ധതി, ഇടിയൻ ചിറ-ഏനാമാവ് റെഗുലേറ്റർ നിർമാണം, 20 ലിറ്റർ ജാർ ഫില്ലിങ് യൂനിറ്റ് തുടങ്ങി ഉപ്പുവെള്ള ഭീഷണിയെ മറികടക്കാൻ പഞ്ചായത്ത് നാല് പദ്ധതികളാണ് ഭരണസമിതി മുന്നോട്ടുവെച്ചിട്ടുള്ളതന്ന് പ്രസിഡന്റ് ജിയോ ഫോക്സ് പറഞ്ഞു.