ഗവേഷണം കർഷകർക്കും സമൂഹത്തിനും ഉപകരിക്കുന്നതാകണം- ഡോ ശോശാമ്മ ഐപ്

കൊച്ചി: ഗവേഷണം കർഷകർക്കും സമൂഹത്തിനും ഉപകരിക്കുന്നതാകണമെന്ന്  വെച്ചൂർ പശു സംരക്ഷണത്തിലൂടെ ശ്രദ്ധേയയായ ഡോ. ശോശാമ്മ ഐപ്. കടൽ ജീവികളുടെ ജനിതക പഠനവുമായി ബന്ധപ്പെട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിക്കുന്ന വിന്റർ സ്‌കൂൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ഉൽപാദനം കൂട്ടുന്നതിനൊപ്പം, ജൈവവൈവിധ്യസംരക്ഷണത്തിനും ശാസ്ത്രജ്ഞർ പ്രാധാന്യം നൽകണം. വംശനാശത്തിൽ നിന്നും ജീവികളെ സംരക്ഷിക്കുന്നതിന് ജീനോം വിശകലനം അടക്കമുള്ള ജനിതകപഠനങ്ങൾക്ക് നിർണായക പങ്കുണ്ട്.


വെച്ചൂർ പശു സംരക്ഷണം അത്ര എളുപ്പമായിരുന്നില്ല. വംശനാശത്തിന്റെ വക്കിലായിരുന്ന ഇവയെ പ്രജനനം നടത്തി സംരക്ഷിക്കാനുള്ള ശ്രമം ആരംഭിക്കുമ്പോൾ വെറും എട്ട് പശുക്കൾ മാത്രമാണുണ്ടായിരുന്നത്. വിജയം നേടാൻ നിരവധി വെല്ലുവിളികൾ അതിജീവിക്കേണ്ടി വന്നു. ജീവജാലങ്ങളും അവയുടെ പ്രകൃതിയുമായുള്ള സങ്കീർണമായ ബന്ധം മനസ്സിലാക്കൽ ശാസ്ത്ര ഗവേഷകർക്ക് അനിവാര്യമാണ്.

ജീനോം ഡീകോഡിംഗ്, ജീൻ എഡിറ്റിംഗ് തുടങ്ങിയ ജനിതക പഠന മേഖകളിൽ വെല്ലുവിളികൾ നേരിടാൻ വിവിധ ഗവേഷണ സ്ഥാപനങ്ങൾ തമ്മിൽ സഹകരണം ആവശ്യമാണെന്നും ഡോ ശോശാമ്മ ഐപ് പറഞ്ഞു.

സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു.

കടൽജീവികളുടെ ജനിതകപഠന മേഖലയിൽ ഏറ്റവും പുതിയ അറിവും സാങ്കേതികവിദ്യകളും യുവഗവേഷകരെ പരിചയപ്പെടുത്തുന്ന സിഎംഎഫ്ആർഐ വിന്റർ സ്‌കൂൾ 21 ദിവസം നീണ്ടു നിൽക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവ ശാസ്ത്രജ്ഞരും സർവകലാശാല അധ്യാപകരുമാണ് പങ്കെടുക്കുന്നത്.

മറൈൻ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷൻ ആന്റ് ഹെൽത്ത് ഡിവിഷൻ മേധാവി ഡോ. കാജൽ ചക്രവർത്തി, വിന്റർ സ്‌കൂൾ കോഴ്‌സ് ഡയറക്ടർ ഡോ. സന്ധ്യ സുകുമാരൻ, കോഴ്‌സ് കോർഡിനേറ്റർ ഡോ. സുമിത്ര ടി ജി എന്നിവർ പ്രസംഗിച്ചു.




Leave a Reply

Your email address will not be published. Required fields are marked *