150ഓളം സിനിമകളിലായി 537 പാട്ടുകളിലൂടെ 24,000 നൃത്തച്ചുവടുകള്‍; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ചിരഞ്ജീവി

ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി നടൻ ചിരഞ്ജീവി. ഇന്ത്യൻ സിനിമയിലെ ആക്ടർ/ഡാൻസ‍ർ കാറ്റഗറിയില്‍ മോസ്റ്റ് പ്രോളിഫിക് സ്റ്റാർ (most prolific star)എന്ന പദവിയാണ് അദ്ദേഹത്തിന് ലഭിച്ചത്.

മറക്കാൻ കഴിയാത്ത നിമിഷമാണിതെന്നായിരുന്നു ഗിന്നസ് റെക്കോർഡ് നേടിയതില്‍ താരത്തിന്റെ പ്രതികരണം. ഗിന്നസ് വേള്‍ഡ് റെക്കോർഡില്‍ നിന്ന് അംഗീകാരം നേടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, എന്റെ നൃത്തത്തിന് ലഭിച്ച ഈ ബഹുമതി അവിശ്വസനീയമായാണ് തോന്നുന്നത്. എന്നെ ഒരു താരമാക്കിയത് നൃത്തമാണ്. എന്റെ കരിയറിലുടനീളം വലിയ സ്വാധീനം ചെലുത്താൻ നൃത്തത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചുകൊണ്ട് ചിരഞ്ജീവി പറഞ്ഞു.

എന്റെ ഫിലിം കരിയറിന്റെ ഭാഗമായി, നൃത്തം എന്നത് എന്റെ ജീവിതത്തില്‍ സുപ്രധാനമായി മാറിയിരുന്നു. സാവിത്രിയെ പോലുള്ള പ്രതിഭകളുടെ മുൻപില്‍ നൃത്തം ചെയ്യാൻ കഴിഞ്ഞ നിമിഷവും സ്ക്രീനിലെ ആദ്യ നൃത്തച്ചുവടും ഞാനിപ്പോഴും ഓർക്കുന്നു. ഇന്നെനിക്ക് ലഭിച്ച അംഗീകാരം എന്റെ സംവിധായകർക്കും നിർമാതാക്കള്‍ക്കും, സംഗീത സംവിധായകർക്കും, നൃത്ത സംവിധായകർക്കും സമർപ്പിക്കുകയാണ്. – ചിരഞ്ജീവി പറഞ്ഞു.

45 വർഷത്തെ കരിയറിനിടെ, 150ഓളം സിനിമകളിലായി 537 പാട്ടുകളിലൂടെ 24,000 നൃത്തച്ചുവടുകള്‍ അവതരിപ്പിച്ചയാളാണ് മെഗാസ്റ്റാർ ചിരഞ്ജീവി. ഇന്ത്യയിലെ മറ്റൊരു നടനും ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. സിനിമയിലെ ഡാൻസ് പെർഫോമൻസുകള്‍ക്ക് പേരുകേട്ട വിജയ് പോലും ഇക്കാര്യത്തില്‍ പിന്നിലാണ്.1978ലെ സെപ്റ്റംബർ മാസത്തില്‍ തന്നെയായിരുന്നു അദ്ദേഹം തന്റെ കരിയർ സിനിമയില്‍ ആരംഭിച്ചത്. അദ്ദേഹം അഭിനയിച്ച 156 സിനിമകളിലെ എല്ലാ നൃത്തപ്രകടനങ്ങളും ഗിന്നസ് അധികൃതർ പരിശോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *