വന്ദേ ഭാരതില്‍ ടിക്കറ്റില്ലാതെ ബുദ്ധിമുട്ടുകയാണ് കേരളത്തിലെ യാത്രക്കാർ. ടിക്കറ്റുകളൊക്കെ വളരെ നേരത്തെ വിറ്റുതീരുന്ന അവസ്ഥ.
ഇനി ഒന്നല്ല, രണ്ടു വന്ദേ ഭാരത് അധികം വന്നാലും സീറ്റ് കിട്ടാത്ത ഒരു കുഴപ്പമേ കാണുകയുള്ളൂ. ഇവിടെ കാര്യമിങ്ങനെയാണെങ്കിലും മറ്റു പല റൂട്ടുകളിലും സ്ഥിതി വ്യത്യസ്തമാണ്. പല സ്റ്റോപ്പുകളില്‍ നിന്നും ഒരാള്‍ പോലും കയറാനില്ലതെ, യാത്രക്കാർ തിരിഞ്ഞുപോലും നോക്കാത്ത ഒരു സർവീസുണ്ട്.
സൗത്ത് ഈസ്റ്റ് സെൻട്രല്‍ റെയില്‍വേയുടെ കീഴില് വരുന്ന വിശാഖപട്ടണം- ദുർഗ് വന്ദേ ഭാരത് ( 20829/20830) സർവീസിനാണ് ഈ ദുർഗതിയെന്നാണ് തെലുഗു ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഒഴിഞ്ഞ കോച്ചുകളുമായി ഈ വന്ദേ ഭാരത് യാത്ര തുടരുകയാണ്. പല റൂട്ടുകളിലും കപ്പാസിറ്റിയിലുമധികം ആളുകള്‍ ഉള്ളപ്പോഴാണ് ഈ വന്ദേ ഭാരത് കാലിയായി സർവീസ് നടത്തുന്നത്.
യാത്രക്കാരില്‍ നിന്നും ഒട്ടും സ്വീകാര്യത ലഭിക്കാത്ത വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകളിലൊന്നാണ് ഛത്തീസ്ഗഡിലെ ദുർഗിനെയും ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന വിശാഖപട്ടണം- ദുർഗ് വന്ദേ ഭാരത്. ഇന്ത്യയുടെ 66-ാം മത്തെ വന്ദേ ഭാരത് സർവീസായ ഇതിന് അധികൃതർ പ്രതീക്ഷിച്ച ജനപിന്തുണ ലഭിക്കുന്നില്ല.
ആകെ 14 ബോഗികളാണ് വിശാഖപട്ടണം- ദുർഗ് വന്ദേ ഭാരതിനുള്ളത്. മിക്ക ദിവസങ്ങളിലും വളരെ കുറച്ച് ആളുകളുമായാണ് ഇത് ഓടുന്നത്. പത്തോളം ബോഗികള്‍ സ്ഥിരം കാലിയാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സർവീസ് ആരംഭിച്ച ആദ്യ കാലങ്ങളിലും ആളുകള്‍ ഇല്ലായിരുന്നുവെങ്കിലും പിന്നീട് ആളുകള്‍ വരുമെന്നാണ് അധികൃകർ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകളെ അസ്ഥാനത്താക്കി, തീർത്തും ജനപ്രിയമല്ലാത്ത ഒരു സർവീസായി മാറിയിരിക്കുകയാണ് വിശാഖപട്ടണം- ദുർഗ് വന്ദേ ഭാരത്.
ഈ ട്രെയിനില്‍ ആകെ 1,286 സീറ്റുകള്‍ ആണുള്ളത്. വിശാഖപട്ടണത്തിനും ദുർഗിനും ഇടയില്‍ 9 സ്റ്റോപ്പുകളാണ് ഉള്ളത്. ഇത്രയും ആളുകളില്ലാത്ത വന്ദേ ഭാരത് 14 ബോഗികളുമായി ഓടിക്കുന്നതിന് പകരം ഒന്നെങ്കില്‍ ബോഗികളുടെ എണ്ണം കുറയ്ക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യാനുള്ള മറ്റൊരു റൂട്ടിലേക്ക് മാറ്റണമെന്നും യാത്രക്കാർക്ക് അഭിപ്രായമുണ്ട്. അതല്ല, വിശാഖപട്ടണത്തിനും ദുർഗിനും ഇടയില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യക്കാരും ഉണ്ട്. എന്നാല്‍ ദീർഘദൂര യാത്രക്കാരുണ്ടെന്നും സാധാരണക്കാരാണ് യാത്ര ചെയ്യാത്തതെന്നുമാണ് അധികൃതർ പറയുന്നത്.
കുറഞ്ഞ യാത്രാ സമയം
വിശാഖപട്ടണത്തിനും ദുർഗിനും ഇടയിലുള്ള യാത്രാ സമയം ഏറെ കുറയ്ക്കുന്ന സർവീസാണ് ഈ വന്ദേ ഭാരത്. പൊതുവേ 13 മണിക്കൂറിനടുത്താണ് ഈ റൂട്ടിലെ യാത്ര സമയം. എന്നാല്‍ വിശാഖപട്ടണം- ദുർഗ് വന്ദേ ഭാരതില്‍ വെറും എട്ട് മണിക്കൂർ കൊണ്ട് ഈ ദൂരം പിന്നിടാം.
വിശാഖപട്ടണം- ദുർഗ് വന്ദേ ഭാരത് 20830
ട്രെയിൻ നമ്ബർ 20830 വിശാഖപട്ടണം- ദുർഗ് വന്ദേ ഭാരത് വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.50 ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട് എട്ടു മണിക്കൂർ യാത്ര ചെയ്ത് രാത്രി 10.50ന് ദുര്‍ഗില്‍ എത്തും. എസി ചെയറില്‍ 1495 രൂപ, എക്സിക്യൂട്ടിവ് ചെയറില്‍ 2760 രൂപ എന്നിങ്ങനെയാണ് നിരക്ക്.
വിശാഖപട്ടണം – 14:50
വിസിയനഗരം ജംങ്ഷൻ – 15:33
പാർവതിപുരം – 16:36
രായഗഡ – 17:13
കെസിംഗ – 18:50
തിത്‌ലഘർ – 19:05
കാന്തബഞ്ചി – 19:35
കരിയാർ റോഡ് – 20:20
മഹാസമുന്ദ് – 21:00
റായ്പൂർ ജംങ്ഷൻ – 22:19
ദുർഗ് – 22:50
ദുര്‍ഗ്- വിശാഖപട്ടണം വന്ദേ ഭാരത് 20829
ട്രെയിൻ നമ്ബർ 20829 ദുർഗ്- വിശാഖപട്ടണം വന്ദേ ഭാരത് വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 05:45 ന് ദുർഗില്‍ നിന്ന് പുറപ്പെട്ട് എട്ടു മണിക്കൂർ യാത്ര ചെയ്ത് ഉച്ചയ്ക്ക് 13.45 ന് വിശാഖപട്ടണം എത്തും.
എസി ചെയറില്‍ 1565 രൂപ, എക്സിക്യൂട്ടിവ് ചെയറില്‍ 2825 രൂപ എന്നിങ്ങനെയാണ് നിരക്ക്.