നാളെ മകരസംക്രമ സന്ധ്യയിൽ ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ശരണ മന്ത്രങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പുറപ്പെട്ടത്. ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തർ ഉൾപ്പെടെ നൂറുകണക്കിനുപേർ ഘോഷയാത്രയെ അനുഗമിക്കുന്നു.
വൃശ്ചികം ഒന്നുമുതൽ സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിന് വച്ചിരുന്ന തിരുവാഭരണങ്ങൾ ഇന്നലെ പുലർച്ചെ നാലിന് ദേവസ്വം ബോർഡ് അധികൃതർ പന്തളം കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനുവച്ചു. വലിയ തമ്പുരാൻ തിരുവോണംനാൾ രാമവർമ്മ രാജയുടെ അഭാവത്തിൽ ഇളയതമ്പുരാൻ അവിട്ടംനാൾ രവിവർമ്മ രാജയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്
പതിനൊന്നോടെ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡ് അധികൃതരും ചേർന്ന് രവിവർമ്മ രാജയെ രാജശേഖര മണ്ഡപത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് ആനയിച്ചു. രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മയെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണ പേടക വാഹക സംഘത്തെ മണികണ്ഠനാൽത്തറയിൽ നിന്നും ആനയിച്ചു.
മേൽശാന്തി പൂജിച്ചുനൽകിയ ഉടവാൾ പല്ലക്കിൽ ഘോഷയാത്ര നയിക്കുന്ന രാജപ്രതിനിധിക്ക് കൈമാറി. കൃഷ്ണപ്പരുന്ത് ക്ഷേത്രത്തിന് മുകളിൽ വട്ടമിട്ടുപറന്നു. ഗുരുസ്വാമി ഗംഗാധരൻ പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസിലേറ്റി ക്ഷേത്രത്തിൽ നിന്ന് പുറത്തെത്തിയതോടെ ഘോഷയാത്ര പുറപ്പെട്ടു. അടൂർ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പൊലീസ് സംഘവും ബോംബ് സ്ക്വാഡും സുരക്ഷയൊരുക്കി ഒപ്പമുണ്ട്. ഘോഷയാത്ര ഇന്നലെ അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിച്ചു. ഇന്നു രാത്രി ളാഹ വനംവകുപ്പ് സത്രത്തിൽ വിശ്രമം.നാളെ സന്നിധാനത്തെത്തും. ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിക്കും. വൈകിട്ട് പതിനെട്ടാം പടി കയറിയെത്തിക്കുന്ന തിരുവാഭരണം സോപാനത്തിൽ വച്ച് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തും. ദീപാരാധനയ്ക്കു ശേഷം നട തുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകര നക്ഷത്രവും തെളിയും.