തൃശ്ശൂർ : വിയ്യൂർ മണലാറുകാവ് ഡി കെ ജ്വല്ലറി കുത്തിത്തുറന്ന് 8 കിലോ ഓളം വെള്ളിയാഭരണങ്ങൾ മോഷണം പോയി. 13-01-2025, തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.ജ്വല്ലറി ഉടമ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ജ്വല്ലറിയുടെ മുൻവശത്തെ ഷട്ടറിന്റെ രണ്ട് കൂട്ടും ആയുധം ഉപയോഗിച്ച് തകർത്താണ് മോഷ്ടാവാ അകത്തു കടന്നിട്ടുള്ളത്. പുറത്തുവച്ചിരുന്ന 8 കിലോയോളം വെള്ളി ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. സേഫ് കുത്തിത്തുറന്ന് സ്വർണ്ണം കവർന്നെടുക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.
ജ്യോതി പ്രേംകുമാർ, രാമചന്ദ്രൻ, സന്തോഷ്, വിനോദ് കുമാർ എന്നിവർ ആണ് ജ്വല്ലറിയുടെ ഉടമസ്ഥർ. സംഭവസ്ഥലം ദൃശ്യമാകുന്ന രീതിയിൽ സമീപത്തെ സിസിടിവി ഇല്ലാത്തതിനാൽ മോഷ്ടാക്കളെ കുറിച്ചുള്ള സൂചന ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരൂർ പള്ളിയിൽ പെരുന്നാൾ ആയതിനാൽ രാത്രി 12 മണി വരെ പോലീസ് പെട്രോളിങ് ഉണ്ടായിരുന്നു.
ജ്വല്ലറി സ്ഥിതി ചെയ്യുന്ന കോംപ്ലക്സിലെ മറ്റൊരു കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രാത്രി 2 മണിയോടെ ഡി കെ ജ്വല്ലറിക്ക് സമീപത്തേക്ക് ഒരാൾ വടിയുമായി നടന്നു പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ജ്വല്ലറി ഉടമയുടെ പരാതിയിൽ പോലീസ് സ്ഥലത്തെത്തി കേസെടുത്തു. അന്വേഷണം ആരംഭിച്ചു.