തിരുവനന്തപുരം
ആകാംക്ഷ നിറഞ്ഞ രാഷ്ട്രീയ കരുനീക്കവുമായി അൻവർ
എംഎൽഎ സ്ഥാനത്ത് നിന്നുള്ള അയോഗ്യതാ ഭീഷണി മറികടക്കാനാണ് അൻവറിൻ്റെ നീക്കം
കേരളത്തിൽ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നെന്ന സൂചന നൽകി പി വി അൻവർ എംഎൽഎ. രാവിലെ സ്പീക്കറെ കാണുന്ന അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചേക്കും. സ്പീക്കറെ കണ്ടതിന് പിന്നാലെ വാർത്താസമ്മേളനം ഉണ്ടാകുമെന്നും അൻവർ അറിയിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അൻവറിൻ്റെ നിർണ്ണായ നീക്കം. മമതാ ബാനർജിയുടെ നിർദ്ദേശപ്രകാരമാണ് അൻവർ എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതെന്നാണ് സൂചന. എംഎൽഎ സ്ഥാനത്ത് നിന്നുള്ള അയോഗ്യതാ ഭീഷണി മറികടക്കാനും ഇതുവഴി അൻവറിന് കഴിയുമെന്നാണ് വിലയിരുത്തൽ. തൃണമൂൽ കോൺഗ്രസിൻ്റെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേയ്ക്ക് അൻവറിനെ പരിഗണിച്ചേക്കുമെന്നും സൂചനകളുണ്ട്.
തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് സ്പീക്കറെ കാണുമെന്ന് ഇന്നലെ രാത്രി പി വി അൻവർ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിൻ്റെ രാജി സംബന്ധിച്ച അഭ്യൂഹം ശക്തമായത്. അൻവർ രാജിവെയ്ക്കുന്നത് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാക്കും.നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി ഇതോടെ സാക്ഷ്യം വഹിക്കും.
നിലവിൽ സിപിഐഎം സ്വതന്ത്രനായാണ് അൻവർ നിലമ്പൂരിൽ നിന്നും വിജയിച്ചത്. തുടർച്ചയായി രണ്ട് തവണ നിലമ്പൂരിൽ നിന്നും വിജയിച്ച അൻവർ ആര്യാടൻ മുഹമ്മദിൻ്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂരിനെ ഇടതുപക്ഷത്തിന് അനുകൂലമാക്കുകയായിരുന്നു. രാജിവെച്ചാൽ അൻവർ വീണ്ടും നിലമ്പൂരിൽ നിന്നും മത്സരിക്കുമോ, തൃണമൂൽ സ്ഥാനാർത്ഥിയായി അൻവർ മത്സരിച്ചാൽ യുഡിഎഫ് പിന്തുണയ്ക്കുമോ തുടങ്ങിയ ചോദ്യങ്ങൾ ഇതിനകം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയർന്നു കഴിഞ്ഞു. മലപ്പുറം ജില്ലയിൽ കോൺഗ്രസിൻ്റെ പരമ്പരാഗത ശക്തികേന്ദ്രമായ നിലമ്പൂർ തൃണമൂൽ കോൺഗ്രസിന് വിട്ടുനൽകാനുള്ള നീക്കം ജില്ലയിലെ കോൺഗ്രസ് നേതാക്കൾ അനുകൂലിക്കാൻ സാധ്യതയില്ല. എന്തുതന്നെയായാലും ആകാംക്ഷ നിറഞ്ഞ രാഷ്ട്രീയ കരുനീക്കങ്ങൾക്കാണ് അൻവർ വീണ്ടും ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസമാണ് അൻവർ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി കൈകോർത്തത്. പാർട്ടി അംഗത്വം സ്വീകരിച്ചിട്ടില്ല. മറിച്ച് സംസ്ഥാന കോർഡിനേറ്ററായി പ്രവർത്തിക്കുമെന്നാണ് അറിയിച്ചത്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായതിന് പിന്നാലെ അൻവറിന്റെ യുഡിഎഫ് പ്രവേശന അഭ്യൂഹം ശക്തമായിരുന്നു. അതിനിടെയാണ് തൃണമൂൽ കോൺഗ്രസുമായുള്ള കെെകോർക്കൽ.