കൊച്ചി : നാളികേര വികസന ബോർഡിൻ്റെ 45-ാമത് സ്ഥാപക ദിനാഘോഷവും, കേര കർഷക സെമിനാറും 2015 ജനുവരി ജന് നാളികേര വികസന ബോർഡിൻ്റെ കൊച്ചി ആസ്ഥാനത്ത് എറണാകുളം എംഎൽഎ ശ്രീ. ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്‌തു. നാളികേരത്തിന് ന്യായമായ വില ലഭിക്കുന്ന ഈ സാഹചര്യത്തിൽ ഉത്‌പാദനം വർദ്ധിപ്പിച്ച് അതിൻ്റെ പ്രയോജനം കർഷകരിലേക്കെത്തിക്കുന്ന നടപടി നാളികേര വികസന ബോർഡിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാൽ ഇന്ന് അതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തെങ്ങുകളിലുണ്ടാകുന്ന രോഗ കീട ബാധയുടെ ആക്രമണം, തെങ്ങു കയറുന്നതിന് തൊഴിലാളികളുടെ ലഭ്യത കുറവ് എന്നിവയെല്ലാം കർഷകർക്ക് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. ഇതെല്ലാം മറികടക്കാനും ഏതൊരു പ്രതിസന്ധിയിലും നാളികേര കർഷകരെ ചേർത്തു പിടിച്ച് മുന്നോട്ട് നീങ്ങുന്ന സ്ഥാപനമാണ് നാളികേര വികസന ബോർഡെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്കും, സംരംഭകർക്കും ഏറെ ഗുണകരമാകുന്ന നിരവധി പദ്ധതികളാണ് ബോർഡ് ഇതുവരെ നടപ്പിലാക്കിയിട്ടുള്ളത്. നാളികേരത്തെ ഏതെല്ലാം രീതിയിൽ നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് നിരന്തരം ചർച്ച ചെയ്ത് അതിനായി നാം ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ചിരട്ട, ചകിരി എന്നിവയിൽ നിന്നും ധാരാളം ഉപോൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത്തരം ഉൽപ്പന്നങ്ങൾക്ക് വിദേശത്തും നല്ല ഡിമാന്റാണ്. അതിനാൽ ഇത്തരത്തിൽ മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിൽ കൂടി ശ്രദ്ധ കേന്ദ്രീകരിച്ച് കർഷകൻ മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളികേര വികസന ബോർഡ് സെക്രട്ടറി ശ്രീ ആർ, മധു, ഡയറക്‌ടർ (ഡെവലപ്പ്‌മെൻ്റ്) (ശ്രീമതി. ബാല സുധാഹരി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. നാളികേര വികസന ബോർഡ് ഡെവലപ്പ്‌മെന്റ് ഓഫീസർ ശ്രീമതി. ദീപ്തി ആർ സ്വാഗതവും, ഡെപ്യൂട്ടി ഡയറക്‌ടർ ശ്രീ പ്രമോദ് പി. കുര്യൻ കൃതജ്ഞതയും രേഖപ്പെടുത്തി. തദവസരത്തിൽ ബോർഡ് നടപ്പിലാക്കുന്ന കേര സുരക്ഷ ഇൻഷുറൻസ് പദ്ധതിയുടെ ആപ്ലിക്കേഷൻ ഫോമുകൾ പൂരിപ്പിച്ച് തെങ്ങുകയറ്റ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി, കൂടാതെ ബോർഡിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്‌തു.
200 ഓളം കർഷകർ പങ്കെടുത്ത സെമിനാറിൽ നാളികേര വികസന ബോർഡിലെയും, കേന്ദ്ര തോട്ട വിള ഗവേഷണ സ്ഥാപനത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. ശാസ്ത്രീയ തെങ്ങ് കൃഷി രീതികൾ, രോഗ കീട നിയന്ത്രണ മാർഗ്ഗങ്ങൾ, നാളികേര സംസ്ക്‌കരണവും മൂല്യവർദ്ധനവും, മാർക്കറ്റിംഗും നാളികേര ഉൽപ്പന്നങ്ങളുടെ കയറ്റുമതി, കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ബോർഡിൻ്റെ യൂണിറ്റ് ഓഫീസുകളിലും ഫാമുകളിലും തദവസരത്തിൽ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. നാളികേര കൃഷിയും വ്യവസായവും ശാക്തീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെമിനാർ സംഘടിപ്പിച്ചത്.