കൊച്ചി:
പ്രത്യേക സാമ്പത്തിക മേഖലയിലെ (ഇഇസെഡ്) വിശാലമായ വിഭവ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രദർശിപ്പിച്ചു കൊണ്ട് ഇന്ന് ഖനി മന്ത്രാലയം കൊച്ചിയിൽ ഒരു റോഡ്‌ഷോ സംഘടിപ്പിച്ചു. സുസ്ഥിരമായ തീരദേശ ഖനനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായ ഈ സംരംഭത്തിൽ വ്യവസായികൾ , നയരൂപകർത്താക്കൾ, തൽപരകക്ഷികൾ , ഗവൺമെന്റ് പ്രതിനിധികൾ എന്നിവരിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
ഖനി മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റിംഗ് അതോറിറ്റിയും ജോയിന്റ് സെക്രട്ടറിയുമായ ശ്രീ വിവേക് ബാജ്‌പൈയുടെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഇന്ത്യയുടെ ആദ്യത്തെ തീരദേശ ധാതു ബ്ലോക്ക് ലേലം ആരംഭിക്കുന്നതിൽ ഗവൺമെന്റിന്റെ പരിവർത്തനാത്മക ദർശനം അദ്ദേഹം എടുത്തുപറഞ്ഞു. നിർണായക ധാതുക്കളിൽ രാജ്യത്തിന്റെ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിൽ നിർമ്മാണ മണൽ, ലൈo മഡ് , പോളിമെറ്റാലിക് നോഡ്യൂളുകൾ തുടങ്ങിയ വിഭവങ്ങളുടെ അപാരമായ സാധ്യത അദ്ദേഹം ഊന്നിപ്പറഞ്ഞു.
തീരദേശ ഖനനത്തിൽ ഇന്ത്യ കൈവരിക്കുന്ന അഭിലാഷകരമായ മുന്നേറ്റങ്ങളെക്കുറിച്ച് ഖനി മന്ത്രാലയം സെക്രട്ടറി ശ്രീ വി.എൽ. കാന്ത റാവു ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. തീരദേശ ധാതു പര്യവേക്ഷണത്തിൽ ഇന്ത്യ ആഗോള തലത്തിൽ മുൻനിരയിൽ എത്താനുള്ള പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. നിർമ്മാണ മണൽ, ലൈം മഡ്, പോളിമെറ്റാലിക് നോഡ്യൂളുകൾ തുടങ്ങിയ സമൃദ്ധമായ വിഭവങ്ങൾ നമ്മുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ ഉള്ളതിനാൽ, ഈ സംരംഭം വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യം നിറവേറ്റുക മാത്രമല്ല, അന്താരാഷ്ട്ര ഖനന മേഖലയിൽ ഇന്ത്യയെ ഒരു പ്രധാന രാജ്യമായി സ്ഥാപിക്കുകയും ചെയ്യും. സുതാര്യവും മത്സരാധിഷ്ഠിതവുമായ ലേല പ്രക്രിയ നിക്ഷേപങ്ങളെ ആകർഷിക്കുകയും, നൂതനാശയം വളർത്തുകയും ചെയ്യും.കൂടാതെ നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ നിർണായക വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുന്നതിന് സുസ്ഥിരമായ പരിഹാരങ്ങൾ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള ഗവൺമെന്റ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ എ.പി.എം. മുഹമ്മദ് ഹനീഷ്, തീരദേശ ഖനന മേഖലയിൽ കേരളത്തിന്റെ തന്ത്രപരമായ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി.സംസ്ഥാനത്തിന്റെ വിശാലമായ നിർമ്മാണ മണൽ നിക്ഷേപത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി. നിക്ഷേപക സൗഹൃദപരവും സുസ്ഥിരവുമായ ഖനന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരളത്തിന്റെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.
പ്രധാന അവതരണങ്ങൾ ഇവയാണ്:
• SBICAPS: സമയക്രമം, രജിസ്ട്രേഷൻ ഘട്ടങ്ങൾ, പങ്കാളിത്ത ആവശ്യകതകൾ എന്നിവയുൾപ്പെടെയുള്ള ഇ-ലേല പ്രക്രിയയെക്കുറിച്ചുള്ള വിശദമായ ഉൾക്കാഴ്ചകൾ.
•GSI (ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ): കേരളത്തിന്റെ തീരത്ത് നിർമ്മാണ മണൽ നിക്ഷേപത്തിന്റെ അപാരമായ സാധ്യതകൾ എടുത്തുകാണിക്കുന്ന, തിരിച്ചറിഞ്ഞ ബ്ലോക്കുകളെക്കുറിച്ചുള്ള സമഗ്രമായ സാങ്കേതിക വിലയിരുത്തൽ .
MSTC: തടസരഹിതവും സുതാര്യവുമായ ലേല അനുഭവം ഉറപ്പാക്കുന്ന വിപുലമായ ഇ-ലേല പ്ലാറ്റ്‌ഫോമിന്റെ ഒരു പ്രദർശനം.
ഖനനം, നിർമ്മാണം, അടിസ്ഥാന സൗകര്യ മേഖലകളിൽ നിന്നുള്ള പങ്കാളികൾക്കിടയിൽ ഫലപ്രദമായ ചർച്ചകൾക്കുള്ള ഒരു വേദിയായും ഈ പരിപാടി മാറി.തിരഞ്ഞെടുത്ത ബ്ലോക്കുകളിൽ, പ്രത്യേകിച്ച് കേരളത്തിലെ മൂന്ന് തീരദേശ ബ്ലോക്കുകളിൽ, പങ്കെടുത്തവർ അതീവ താല്പര്യം പ്രകടിപ്പിച്ചു. ഇവ സംസ്ഥാനത്തിന്റെ നിർമ്മാണ, അടിസ്ഥാന സൗകര്യ വ്യവസായങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നു.
സുസ്ഥിരമായ തീരദേശ വിഭവ വിനിയോഗത്തിനും പുതിയ സഹകരണങ്ങൾക്കും വഴിയൊരുക്കുന്ന, ഖനന മേഖലയിലെ നൂതനാശയങ്ങൾക്കും സുതാര്യതയ്ക്കുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയാണ് റോഡ്‌ഷോ പ്രതിഫലിപ്പിക്കുന്നത്. മിനറൽ ബ്ലോക്കുകൾ,നിബന്ധനകൾ എന്നിവ ഉൾപ്പെടെ ലേലത്തിന്റെ എല്ലാ വിശദാംശങ്ങളും MSTC ലേല പ്ലാറ്റ്‌ഫോമിൽ https://www.mstcecommerce.com/auctionhome/mlcln/ എന്നതിൽ ലഭ്യമാണ്.