മഹാകുംഭത്തിൽ 5000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ‘ഇൻക്രെഡിബിൾ ഇന്ത്യ’ പവലിയൻ ടൂറിസം മന്ത്രാലയം സ്ഥാപിക്കുന്നു. ഇത് വിദേശ വിനോദസഞ്ചാരികൾ, പണ്ഡിതർ , ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, പത്രപ്രവർത്തകർ, വിദേശികൾ , ഇന്ത്യൻ പ്രവാസികൾ തുടങ്ങിയവർക്ക് സൗകര്യമൊരുക്കും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കുംഭമേളയുടെ പ്രാധാന്യവും പ്രദർശിപ്പിക്കുന്ന പവലിയൻ സന്ദർശകർക്ക് ആഴത്തിലുള്ള അനുഭവം നൽകും. ഇന്ത്യയിലെ പ്രിയപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങൾക്ക് വോട്ട് ചെയ്യാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്ന ‘ ദേഖോ അപ്നാ ദേശ്’ പവലിയനിൽ ഉണ്ടായിരിക്കും.
മഹാകുംഭത്തിൽ പങ്കെടുക്കുന്ന വിദേശ വിനോദസഞ്ചാരികൾ, സമൂഹമാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവർ, പത്രപ്രവർത്തകർ, ഫോട്ടോഗ്രാഫർമാർ എന്നിവരുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ടൂറിസം മന്ത്രാലയം ഒരു പ്രത്യേക ടോൾ ഫ്രീ ടൂറിസ്റ്റ് ഇൻഫോ ലൈൻ (1800111363 അല്ലെങ്കിൽ 1363) സജ്ജമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പത്ത് (10) അന്താരാഷ്ട്ര ഭാഷകളിലും തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ആസാമീസ്, മറാത്തി എന്നിവയുൾപ്പെടെ ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ടോൾ ഫ്രീ ഇൻഫോലൈൻ ഇപ്പോൾ പ്രവർത്തന ക്ഷമമാണ്.
മഹാ കുംഭമേള-2025-നെക്കുറിച്ചുള്ള പ്രചാരണത്തിനായി മന്ത്രാലയം ഒരു പ്രധാന സമൂഹമാധ്യമ പ്രചാരണ പരിപാടി ആരംഭിച്ചു. #മഹാ കുംഭമേള2025, #സ്പിരിച്വൽ പ്രയാഗ്‌രാജ് തുടങ്ങിയ പ്രത്യേക ഹാഷ്‌ടാഗുകൾ, ജനങ്ങൾക്ക് കുംഭമേളയിലെ അവരുടെ അനുഭവങ്ങളും നിമിഷങ്ങളും പങ്കിടാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. സമൂഹമാധ്യമ മത്സരങ്ങൾ, ഐടിഡിസി, ഉത്തർപ്രദേശ് വിനോദസഞ്ചാര വകുപ്പ്, മറ്റ് സംഘടനകൾ തുടങ്ങിവയുമായി സഹകരിച്ചുള്ള സമൂഹമാധ്യമ കുറിപ്പുകൾ, പ്രചരണ പരിപാടികൾ എന്നിവയിലൂടെ പരിപാടിയുടെ ദൃശ്യപരത വർദ്ധിപ്പിക്കുകയും ഈ ആത്മീയ ആഘോഷത്തിന് സാക്ഷ്യം വഹിക്കാൻ ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നു.
ടൂറിസം മന്ത്രാലയം, ഉത്തർപ്രദേശ് സംസ്ഥാന ടൂറിസം വികസന കോർപ്പറേഷൻ (യുപിഎസ്ടിഡിസി), ഐആർസിടിസി, ഐടിഡിസി തുടങ്ങിയ പ്രധാന ടൂറിസം പങ്കാളികളുമായി സഹകരിച്ച് വിവിധതരം ക്യൂറേറ്റഡ് ടൂർ പാക്കേജുകളും ആഡംബര താമസ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഐടിഡിസി, പ്രയാഗ്‌രാജിലെ കൂടാര നഗരത്തിൽ 80 ആഡംബര താമസ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും സൗകര്യാർത്ഥം ഐആർസിടിസിയും ആഡംബര കൂടാരങ്ങൾ സജ്ജമാക്കിയിട്ടുണ്ട് .
മഹാ കുംഭമേളയിൽ പങ്കെടുക്കുന്നവർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുന്നതിന്, ഇന്ത്യയിലുടനീളമുള്ള വിവിധ നഗരങ്ങളിൽ നിന്നും പ്രയാഗ്‌രാജിലേക്കുള്ള വ്യോമയാന ബന്ധം വർദ്ധിപ്പിക്കുന്നതിന് ടൂറിസം മന്ത്രാലയം, അലയൻസ് എയറുമായി ധാരണയായിട്ടുണ്ട്.
ഈ അപൂർവ അവസരം പ്രയോജനപ്പെടുത്തുന്നതിനായി, മഹാ കുംഭമേളയുടെ ഗാംഭീര്യവും ആത്മീയ സത്തയും പകർത്തുന്നതിനായി ടൂറിസം മന്ത്രാലയം ബൃഹത്തായ ഫോട്ടോഷൂട്ട്, വീഡിയോഗ്രാഫി എന്നിവ ഒരുക്കിയിട്ടുണ്ട്. മഹാ കുംഭമേളയുടെ ഗാംഭീര്യം പ്രദർശിപ്പിക്കുകയും ആത്മീയവും സാംസ്കാരികവുമായ കേന്ദ്രമെന്ന നിലയിൽ പ്രയാഗ്‌രാജിന്റെ വിനോദസഞ്ചാര സാധ്യതകൾ എടുത്തുകാണിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര, ദേശീയ മാധ്യമങ്ങളിൽ വ്യാപകമായി പങ്കിടും.