പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റും സംയുക്തമായി മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഉദ്ഘാടനം നിർവഹിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രാൻസ്  പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും  സംയുക്തമായി, മാർസെയിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ കോൺസുലേറ്റ് ജനറൽ 12-02-2025, ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രിയും പ്രസിഡന്റ് മാക്രോണും ചേർന്ന് കോൺസുലേറ്റ് ജനറൽ ഉദ്ഘാടനം ചെയ്തത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള  ബന്ധത്തിലെ  നാഴികക്കല്ലാണ്.ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് മാക്രോണിന്റെ സാന്നിധ്യത്തെ  പ്രധാനമന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു. കോൺസുലേറ്റിൽ, ചരിത്രപരമായ ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒത്തുചേർന്ന ഇന്ത്യൻ പ്രവാസികൾ ഇരുനേതാക്കളെയും ഊഷ്മളമായി സ്വാഗതം ചെയ്തു. 

2023 ജൂലൈയിൽ പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശന വേളയിലാണ് മാർസെയിൽ കോൺസുലേറ്റ് ജനറൽ തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പുതിയ കോൺസുലേറ്റ് ജനറലിന് ഫ്രാൻസിന്റെ  ദക്ഷിണ ഭാഗത്തുള്ള നാല് ഫ്രഞ്ച് ഭരണ മേഖലകളിൽ, അതായത് -പ്രൊവൻസ് ആൽപ്സ് കോട്ട് ഡി അസൂർ, കോർസിക്ക, ഒക്സിറ്റാനി, ഓവർഗ്നെ-റോൺ-ആൽപ്സ്, എന്നിവിടങ്ങളിൽ  സ്ഥാനപതി സംബന്ധമായ അധികാരപരിധി ഉണ്ടായിരിക്കും.


ഫ്രാൻസിലെ ഈ പ്രദേശം വ്യാപാരം, വ്യവസായം, ഊർജം, ആഡംബര വിനോദസഞ്ചാരം എന്നിവയുടെ പര്യായമാണ്. കൂടാതെ ഇന്ത്യയുമായി സാമ്പത്തിക-സാംസ്കാരിക-പൗര ബന്ധവും ഏറെയുണ്ട്. ഫ്രാൻസിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരത്തിലെ പുതിയ കോൺസുലേറ്റ് ജനറൽ,  ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാന- ബഹുമുഖ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തും.

പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും മസാർഗസ് യുദ്ധ സെമിത്തേരി സന്ദർശിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇന്ന് രാവിലെ മാർസെയിലിലെ മസാർഗസ് യുദ്ധ സെമിത്തേരി സന്ദർശിച്ച് ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. വീരമൃത്യു വരിച്ചവരുടെ ത്യാഗങ്ങളെ ആദരിക്കുന്നതിനായി ഇരു നേതാക്കളും പുഷ്പചക്രം അർപ്പിച്ചു.

യൂറോപ്പിൽ സമാധാനത്തിനായി പോരാടിയ ഇന്ത്യൻ സൈനികരുടെ ധീരതയുടെയും ത്യാഗത്തിന്റെയും ചരിത്രം മസാർഗസ് യുദ്ധ സെമിത്തേരി സംരക്ഷിക്കുന്നു. അവരുടെ കഥകൾ എന്നും ഏവർക്കും പ്രചോദനമാണ്. ഇന്ത്യ-ഫ്രാൻസ് ബന്ധം  പരിപോഷിപ്പിക്കുന്ന ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ ഈ സെമിത്തേരി അനുസ്മരിക്കുന്നു.

ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി

ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിപരമായ ബന്ധം പ്രതിഫലിപ്പിക്കുന്നതിന്റെ സവിശേഷ അര്‍ത്ഥസൂചനയുമായി, ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇന്നലെ പാരീസില്‍ നിന്ന് മാര്‍സെയിലേക്ക് ഒരുമിച്ച് പറന്നു. ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാവശങ്ങളെക്കുറിച്ചും പ്രധാന ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ചകള്‍ നടത്തി. മാര്‍സെയിലില്‍ എത്തിയതിനുശേഷം പ്രതിനിധിതല ചര്‍ച്ചകളും നടന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബഹുമുഖ ബന്ധമായി മാറിയ ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തോടുള്ള(സ്‌ട്രറ്റേജിക് പാർട്ണർഷിപ് ) ശക്തമായ പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചു.

ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നു. പ്രതിരോധം, സിവില്‍ ആണവോര്‍ജ്ജം, ബഹിരാകാശം എന്നീ തന്ത്രപരമായ മേഖലകളിലെ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്തു. സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും അവര്‍ ചര്‍ച്ച ചെയ്തു. അടുത്തിടെ സമാപിച്ച നിര്‍മ്മിത ബുദ്ധി ആക്ഷന്‍ (എ.ഐ ആക്ഷന്‍) ഉച്ചകോടിയുടെയും 2026-ല്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ഫ്രാന്‍സ് നൂതനാശയ വര്‍ഷത്തിന്റെയും പശ്ചാത്തലത്തിൽ പങ്കാളിത്തത്തിന്റെ ഈ മേഖല കൂടുതല്‍ ശ്രദ്ധ കൈവരിക്കുന്നു . വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത ഇരുനേതാക്കളും, ഇക്കാര്യത്തില്‍ 14-ാമത് ഇന്ത്യ-ഫ്രാന്‍സ് സി.ഇ.ഒ ഫോറത്തിന്റെ റിപ്പോര്‍ട്ടിനെ സ്വാഗതവും ചെയ്തു.
ആരോഗ്യം, സംസ്‌കാരം, ടൂറിസം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ നിലവിലുള്ള സഹകരണത്തില്‍ പ്രധാനമന്ത്രിയും പ്രസിഡന്റ് മാക്രോണും സംതൃപ്തി പ്രകടിപ്പിച്ചു. ഇന്തോ-പസഫിക് മേഖലയിലും ആഗോള വേദികളിലും സംരംഭങ്ങളിലും കൂടുതല്‍ ആഴത്തിലുള്ള ഇടപെടല്‍ നടത്താനുള്ള പ്രതിബദ്ധതയും അവര്‍ വ്യക്തമാക്കി.


ഇന്ത്യ-ഫ്രാന്‍സ് ബന്ധത്തിന്റെ മുന്നോട്ടുള്ള പാതയുടെ രൂപരേഖയായി ഒരു സംയുക്ത പ്രസ്താവനയും ചര്‍ച്ചകള്‍ക്ക്‌ശേഷം അംഗീകരിച്ചു. സാങ്കേതികവിദ്യയും നൂതനാശയവും, സിവില്‍ ആണവോര്‍ജ്ജം, ത്രികോണ സഹകരണം, പരിസ്ഥിതി, സംസ്‌കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ പത്ത് പരിണിതഫലങ്ങള്‍ അന്തിമമാക്കുകയും ചെയ്തു.


മാര്‍സെയിലിനടുത്തുള്ള തീരദേശ പട്ടണമായ കാസിസില്‍ പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ത്ഥം പ്രസിഡന്റ് മാക്രോണ്‍ ഒരു അത്താഴവിരുന്ന് സംഘടിപ്പിച്ചു. പ്രസിഡന്റ് മാക്രോണിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *