‘ഹോപ്പാണ്’ ഡോ. ഷെറിൽ; കൊച്ചി മാരത്തോണിൽ ഓടി യു.കെ വനിത

കൊച്ചി: ഫെഡറൽബാങ്ക് കൊച്ചി മാരത്തണിൽ ശ്രദ്ധനേടി ഇംഗ്ലണ്ടിൽ നിന്നുള്ള 76കാരി. ഡോ.ഷെറിൽ ബെറിയാണ് പ്രായം മറന്ന് കൊച്ചിക്കൊപ്പം ഓടാനായി മൂന്നാമത് കൊച്ചി മാരത്തണിന്റെ ഭാഗമായത്. ഈ പ്രായത്തിലും ലോകമെമ്പാടുമുള്ള മാരത്തണിൽ പങ്കെടുക്കാൻ കാരണമെന്താണെന്ന് ചോദിച്ചാൽ ഷെറിലിന് ഉത്തരം ഒന്നേയുള്ളു- ആലപ്പുഴ കഞ്ഞിക്കുഴിയിലെ ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജ്.

“ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജിന്റെ പ്രചാരണാർത്ഥമാണ് മാരത്തോണിൽ പങ്കെടുക്കുന്നത്. ആദ്യമായാണ് കൊച്ചി മാരത്തോണിന്റെ ഭാഗമാകുന്നത്.” ചൂട് നിറഞ്ഞ കാലാവസ്ഥയാണെങ്കിലും ദിവസേനയുള്ള പരിശീലനം കാലാവസ്ഥയെ അതിജീവിക്കാൻ സഹായിച്ചതായി ഷെറിൽ പറഞ്ഞു. “എനിക്കൊപ്പം ‘ഹോപ്പിൽ’ നിന്നും പത്ത് കുട്ടികൾക്കൂടി ഓടാൻ എത്തിയിട്ടുണ്ട്.”

പതിനഞ്ച് തവണ ലണ്ടൻ മാരത്തണിൽ പങ്കെടുത്ത ഷെറിലിന്റെ ലക്ഷ്യം സമ്മാനമോ ഒന്നാം സ്ഥാനമോ അല്ല, ഊണിലും ഉറക്കത്തിലും മനസിൽ കൊണ്ടുനടക്കുന്ന ഹോപ്പിന്റെ ഉന്നമനത്തിനായാണ് ഷെറിൽ മാരത്തോൺ ഓടുന്നത്.

അമ്മയ്‌ക്കൊപ്പം കൊച്ചിയുടെ ഹൃദയഭാഗത്ത് ഓടാനായതിന്റെ ത്രില്ലിലായിരുന്നു ഹോപ്പിലെ കുട്ടികൾ. ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ പങ്കെടുക്കാനായി മൂന്നാഴ്ച്ച നീണ്ട പരിശീലനവും ഹോപ്പിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു. ഹോപ്പിലെ പച്ചപ്പ് നിറഞ്ഞ മനോഹരമായ ഗ്രൗണ്ടിൽ പ്രായഭേദമന്യേ എല്ലാവരും ഓടി പരിശീലിച്ച ശേഷമാണ് ഡോ. ഷെറിലിനൊപ്പം നഗരത്തിൽ ഓടാനായി അവർ വണ്ടി കയറിയത്.

മൂന്ന് കിലോ മീറ്റർ മാരത്തണിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം കുട്ടികളുടെ മുഖത്ത് പ്രകടമായിരുന്നു. പഠനത്തോടൊപ്പം കായിക പരിശീലനവും അനിവാര്യമാണെന്നാണ് ഷെറിലിന്റെ അഭിപ്രായം. ഹോപ്പിലെ കുട്ടികൾക്ക് ഫുട്ബോളാണ് പ്രിയ കായിക വിനോദം. വരും നാളുകളിൽ കൂടുതൽ മാരത്തണിൽ പങ്കെടുക്കുകയെന്നതാണ് ഷെറിലിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *