ഹൈറിച്ച്‌ തട്ടിപ്പ് കേസ്; ഒ.ടി.ടി.യിലൂടെ ഒഴുകിയെത്തിയത് 1673 കോടി

സംസ്ഥാനത്ത് നടന്ന വലിയ സാമ്ബത്തികത്തട്ടിപ്പുകളിലൊന്നായ ഹൈറിച്ച്‌ കേസില്‍ ഒ.ടി.ടി.യിലൂടെ ഒഴുകിയെത്തിയത് 1673.09 കോടി രൂപയെന്ന് കണക്കുകള്‍.

ഹൈറിച്ച്‌ സോഫ്റ്റ്വേര്‍ കൈകാര്യംചെയ്തിരുന്ന കൊച്ചിയിലെ ജിപ്ര ബിസിനസ് സൊലൂഷന്‍സിന്റെ ക്ലൗഡ് സെര്‍വര്‍ ഡേറ്റയില്‍നിന്നാണ് ഈ വിവരം കണ്ടെത്തിയത്.

വിവിധ ബാങ്കുകളിലെ 13 അക്കൗണ്ടുകളിലൂടെയാണ് ഹൈറിച്ചിലേക്ക് പണം എത്തിയതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ കണ്ടെത്തി. ഒട്ടേറെ സിനിമാനിര്‍മാതാക്കളെ ലാഭത്തിന്റെ 50 ശതമാനം വാഗ്ദാനംചെയ്ത് ഹൈറിച്ച്‌ ഉടമകള്‍ പറ്റിച്ചുവെന്നും വ്യക്തമായി. ഹൈറിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പി ഉടമ കെ.ഡി. പ്രതാപന്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഭാര്യ ശ്രീനാ പ്രതാപനെ ഉടന്‍ അറസ്റ്റുചെയ്യുമെന്നാണ് വിവരം.

ഹൈറിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പിക്ക് വലിയ രീതിയിലുള്ള പ്രചാരം ലഭിച്ചപ്പോഴാണ് പ്രതാപനും ഭാര്യ ശ്രീനയും ഒ.ടി.ടി. പ്ലാറ്റ്ഫോം തുടങ്ങിയത്. ‘ആക്ഷന്‍ ഒ.ടി.ടി.’ എന്ന പ്ലാറ്റ്ഫോം വാങ്ങി ‘എച്ച്‌.ആര്‍. ഒ.ടി.ടി.’ എന്ന് പേര് ഇടുകയായിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ്, ഇടനിലക്കാരനെന്നാരോപിച്ച വിജേഷ് പിള്ളയില്‍നിന്നാണ് നാലരക്കോടി രൂപയ്‌ക്ക് ഇവര്‍ ‘ആക്ഷന്‍ ഒ.ടി.ടി.’ വാങ്ങുന്നത്.

നിക്ഷേപമെന്ന തരത്തില്‍ എച്ച്‌.ആര്‍. ഒ.ടി.ടി.യിലേക്ക് എത്തിയ 1673 കോടി രൂപയില്‍നിന്ന് പലപ്പോഴായി 1422.16 കോടി രൂപ പിന്‍വലിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് തുക തിരിച്ചുകൊടുത്തെന്ന പ്രതികളുടെ മൊഴികളില്‍ വ്യക്തത വരാനുണ്ട്. ബാക്കി 250 കോടി രൂപയാണ് ഹൈറിച്ച്‌ അക്കൗണ്ടിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *