കൊച്ചിയില്‍ നടന്ന രാജ്യാന്തര ‘ജെന്‍ എ.ഐ.’ കോണ്‍ക്ലേവില്‍ ഹൈക്കോടതിയുടെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എ.ഐ.
സേവനങ്ങള്‍ വികസിപ്പിക്കുന്നതിനു കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യും കേരള ഹൈക്കോടതിയും തമ്മില്‍ ധാരണാപത്രം കൈമാറി. ഒരേ സ്വഭാവത്തിലുള്ള കേസുകള്‍ കണ്ടെത്തുക, പൊതുജനങ്ങള്‍ക്ക് നിയമോപദേശ ലഭ്യമാക്കുന്ന ലീഗല്‍ ജി.ടി.പി. തയാറാക്കുക, ഓട്ടോമാറ്റിക് സൈറ്റേഷന്‍ എന്‍ജിന്‍ ഫോര്‍ ലീഗല്‍ ഡോക്യുമെന്റ് കംപൈലേഷന്‍ എന്നീ മൂന്ന് പ്ര?ജക്‌ടുകള്‍ ഹൈക്കോടതിക്കു വേണ്ടി നേരത്തേ കുസാറ്റ് പൂര്‍ത്തിയാക്കിയിരുന്നു. ഐ.ബി.എമ്മിന്റെ സാങ്കേതിക സഹായത്തോടെയാണിത് നിര്‍വഹിച്ചത്. ഐ.ബി.എം. വാട്ട്‌സ് ഓണ്‍ എക്‌സ് പ്ലാറ്റ്‌ഫോമിലാണ് എ.ഐ സേവനങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി നിയമരംഗത്ത് കൂടുതല്‍ എ.ഐ. അധിഷ്‌ഠിത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ധാരണാപത്രം കൈമാറിയത്.
നിയമ സംവിധാനത്തിന്റെ കാര്യക്ഷമതയും കൃത്യതയും ലഭ്യതയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുസാറ്റുമായുള്ള സഹകരണം തുടരാന്‍ ഹൈക്കോടതി താത്‌പര്യമെടുത്തതിനെ തുടര്‍ന്നാണിത്. എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വിധി പ്രസ്‌താവം, സെര്‍ച്ച് പോര്‍ട്ടല്‍, ഡേറ്റ സംരക്ഷണവും രഹസ്യസ്വഭാവവും ഉറപ്പാക്കുന്ന എ.ഐ. ആപ്ലിക്കേഷന്‍, നിയമരംഗത്തെ സെന്‍സിറ്റീവായ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഓണ്‍-പ്രിമൈസസ് സൊല്യൂഷന്‍ എന്നീ സേവനങ്ങളാണ് കുസാറ്റ്, ഹൈക്കോടതിക്കായി തയാറാക്കുക.
എ.ഐ. സേവനങ്ങള്‍ വികസിപ്പിക്കാന്‍ ഹൈക്കോടതി കുസാറ്റുമായി സഹകരിക്കുന്നതില്‍ മന്ത്രി പി. രാജീവ് പ്രത്യേക നന്ദി അറിയിച്ചു.
ഐടി മേഖലയിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഹൈക്കോടതി ഡിജിറ്റൈസേഷന്‍ മേഖലയില്‍ ഏറെ മുന്നില്‍ നില്‍ക്കുകയാണെന്ന് ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ് പറഞ്ഞു. കേസുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. എ.ഐ. സേവനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഹൈക്കോടതിയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍ പറഞ്ഞു.