ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്. നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹരജിയിലാണ് വിധി.
ജസ്റ്റിസ് വിജി അരുണിന്റെ ബഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിധി പറയുക.
വിശദമായി വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ വിധി പ്രസ്താവം. ഹരജിയില്‍ ഡബ്ല്യൂ സി സി, സംസ്ഥാന വനിതാ കമ്മീഷന്‍ തുടങ്ങിയവരെ കക്ഷി ചേര്‍ത്ത കോടതി ഇരുവരുടെയും വാദവും കേട്ടിരുന്നു.
കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാനിരിക്കേ ആയിരുന്നു റിപ്പോര്‍ട്ട് ഹൈക്കോടതി നേരത്തെ താത്കാലികമായി തടഞ്ഞത്. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹരജിക്കാരന്റെ ആവശ്യം സംശയാസ്പദമാണെന്നായിരുന്നു ഡബ്യു സി സിയുടെ വാദം.
എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് കമ്മിറ്റിക്ക് മുമ്ബില്‍ മൊഴി നല്‍കിയവരുടെയടക്കം സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണ്. അതിനാല്‍ റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്നുമാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് 2017ല്‍ ജസ്റ്റിസ് ഹേമ അധ്യക്ഷനായി കമ്മിഷനെ നിയോഗിച്ചത്. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് 2019ലാണ് സര്‍ക്കാരിന് കൈമാറിയിരുന്നത്.