ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണത്തിനെതിരായ ഹർജിയില്‍ കക്ഷി ചേരാൻ ഒരു നടി കൂടി സുപ്രീം കോടതിയില്‍.
ഹേമ കമ്മിറ്റിക്കു നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്ന് ആരോപിച്ചാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്.
പ്രത്യേക അന്വേഷണ സംഘം തന്നെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും നടി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് മേലുള്ള അന്വേഷണത്തിനെതിരെയുള്ള ഹർജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് നീക്കം.
നേരത്തെ നടി മാലാ പാർവ്വതിയും ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില് രജിസ്റ്റര് ചെയ്ത 32 കേസുകളില് അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഇതില് 11 കേസുകള് ഒരു അതിജീവതയുടെ മാത്രം പരാതിയിലാണെന്നും കേസില് ഹാജരായ അഡ്വക്കറ്റ് ജനറല് കോടതിയെ അറിയിച്ചു.
മുദ്രവച്ച കവറില് അന്വേഷണ പുരോഗതി റിപ്പോര്ട്ടും കൈമാറി. രജിസ്റ്റര് ചെയ്ത നാലു കേസുകള് തെളിവില്ലാത്തതിനാല് അന്വേഷണം അവസാനിപ്പിച്ചു. നാലു കേസുകളില്‍ തുടര് നടപടികള്ക്കായി ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന്റെ അനുമതി തേടിയിരിക്കുകയാണെന്നും വ്യക്തമാക്കി. കോടതിയുടെ അന്തസും വിശ്വാസ്യതയും സംരക്ഷിക്കാന് തന്നെ കക്ഷി ചേര്ക്കണമെന്നാവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജി കോടതി തള്ളി.
കോടതിയുടെ വിശ്വാസ്യത സംരക്ഷിക്കാനുള്ള ശേഷി കോടതിക്കുണ്ടെന്ന് ചൂണ്ടിട്ടിയാണ് ഡിവിഷന് ബഞ്ച് ഹര്ജി തള്ളിയത്. ഹേമ കമ്മിറ്റിയില് പേരുളള എല്ലാവരുമായും ബന്ധപ്പെട്ടെന്ന് ഡബ്യുസിസിയുടെ ഹര്ജിയില് സര്ക്കാര് അറിയിച്ചു. ഹര്ജികള് 19ന് വീണ്ടും പരിഗണിക്കും.