സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച പഠനം നടത്തിയ ജസ്റ്റീസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്ന തീയതി സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും.
റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കോടതി ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്.
ജസ്റ്റീസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാമെന്നു ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി തള്ളിയാണു ജസ്റ്റീസ് വി.ജി. അരുണിന്‍റെ ഉത്തരവ്.
വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്‌കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയില്‍ സ്വീകരിച്ചത്. വിമന്‍ ഇന്‍ കലക്ടീവും വനിതാ കമ്മീഷനും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.
റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹര്‍ജിക്കാരനെ നിയമപരമായി അടക്കം എങ്ങനെ ബാധിക്കുമെന്നു വ്യക്തമാക്കാനാകാത്ത സാഹചര്യത്തില്‍ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നു കോടതി വിലയിരുത്തി. ആരുടെയും സ്വകാര്യത ഹനിക്കപ്പെടാത്തതിനാല്‍ ഇത്തരം ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു വ്യക്തമാക്കി കോടതി ഹര്‍ജി തള്ളുകയായിരുന്നു.
മൊഴിനല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിടുന്നത്.
2019ല്‍ കൈമാറിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ അടക്കം നല്‍കിയ അപേക്ഷയില്‍, സ്വകാര്യത ഭംഗിക്കുന്ന ഭാഗം ഒഴിവാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കുന്ന ദിവസമായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. അന്നുതന്നെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതു സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
മറച്ചുവച്ച് നല്‍കിയാലും മൊഴി നല്‍കിയവരെ തിരിച്ചറിയാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഹർജിയിലെ വാദം. സംഭവവുമായി ബന്ധമില്ലാത്ത ഹര്‍ജിക്കാരന് ഇത്തരമൊരു ഹര്‍ജി നല്‍കാനാകില്ലെന്നു സര്‍ക്കാരും, സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും അതിനായി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും വിമന്‍ ഇന്‍ സിനിമ കളക്ടീവും വനിതാ കമ്മീഷനും നിലപാടെടുത്തു.
വ്യക്തികളുടെ സ്വകാര്യത പുറത്തു പോകാതിരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവില്‍ത്തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടന്നു കോടതി ചൂണ്ടിക്കാട്ടി.