ഹെവൻശ്രീ അംഗങ്ങളുടെ ശമ്ബളം മുടങ്ങി; മാലിന്യ വണ്ടികള്‍ തടഞ്ഞു

 നഗരസഭ പരിധിയിലെ വിവിധ വാർഡുകളില്‍ നിന്നായി മാലിന്യവുമായി ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിയ വണ്ടികള്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം വേർതിരിക്കുന്ന ഹെവൻശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ തടഞ്ഞു.

കഴിഞ്ഞ മാസത്തെ ശമ്ബളം ഇത് വരെയും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഹെവൻശ്രീ ഗ്രൂപ്പിലെ പതിനേഴോളം പേരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ വണ്ടികള്‍ തടഞ്ഞത്.

വിവിധ വാർഡുകളില്‍നിന്നുള്ള നഗരസഭയിലെ മാലിന്യം തള്ളല്‍ കേന്ദ്രമായ ട്രഞ്ചിങ് ഗ്രൗണ്ടിലേക്കുള്ള മാലിന്യനീക്കം സ്തംഭിച്ചു. ഹെവൻശ്രീ ഗ്രൂപ് അംഗങ്ങള്‍ക്ക് ഹരിതകർമസേനാംഗങ്ങള്‍ വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കാൻ ഈടാക്കുന്ന യൂസർ ഫീ കേന്ദ്രീകരിച്ച്‌ രൂപവത്കരിച്ചിട്ടുള്ള കണ്‍സോർട്യത്തില്‍നിന്ന് ശമ്ബളം നല്‍കാൻ കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ യോഗത്തില്‍ തീരുമാനിച്ചതായി ചെയർമാൻ അറിയിച്ചിരുന്നു. അജണ്ടയിലില്ലാത്ത വിഷയം നിശ്ചിത ചർച്ചകള്‍ക്കൊടുവിലാണ് എടുത്തത്. എന്നാല്‍ എല്‍.ഡി.എഫും ബി.ജെ.പിയും തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നുമാണ് തങ്ങള്‍ക്ക് ശമ്ബളം നല്‍കി വന്നിരുന്നതെന്ന് ഹെവൻശ്രീ അംഗങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് തടസ്സമായി ഓഡിറ്റ് പരാമർശങ്ങളും തനത് ഫണ്ടില്‍നിന്ന് നല്‍കരുതെന്ന സർക്കാർ ഉത്തരവുമാണ് ഭരണനേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

കണ്‍സോർട്യത്തില്‍നിന്ന് ഹെവൻശ്രീ അംഗങ്ങള്‍ക്ക് ശമ്ബളം നല്‍കുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കുന്നവരുടെ സംഘം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച്‌ നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തില്‍ ചർച്ചകളും നടത്തി. വിഷയം പരിഹരിക്കണമെന്നും ഹെവൻശ്രീ അംഗങ്ങള്‍ക്ക് തനത് ഫണ്ടില്‍നിന്ന് കഴിഞ്ഞ മാസത്തെ ശമ്ബളം നല്‍കണമെന്നും വാർഡ് കൗണ്‍സിലർ അഡ്വ. ജിഷ ജോബി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *