ഹെഡ്‍ലൈറ്റുകള്‍ തെളിക്കാതെ വരുന്നതുകണ്ട് സംശയം തോന്നി; KSRTC ബസ് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍

കെ.എസ്.ആർ.ടി.സി. ബസ് മോഷ്ടിച്ച്‌ കടത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. പുനലൂർ ഡിപ്പോയ്ക്ക് സമീപം ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ബസ്സാണ് ഇയാള്‍ മോഷ്ടിക്കാൻ ശ്രമിച്ചത്.തെന്മല ഒറ്റക്കല്‍ സ്വദേശി ബിനീഷാണ് പുനലൂർ പോലീസിന്റെ കസ്റ്റഡിയിലായത്. ഇയാളെക്കുറിച്ച്‌ പോലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഡിപ്പോയ്ക്ക് 150 മീറ്റർ കിഴക്ക് മാറി ടി.ബി. ജങ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബസ് കടത്താനുള്ള ശ്രമം പോലീസ് തടഞ്ഞത്. ഹെഡ്ലൈറ്റുകള്‍ തെളിക്കാതെ ദേശീയപാതയിലൂടെ ബസ് വരുന്നതുകണ്ട് സംശയം തോന്നിയ പോലീസ് കൈകാണിച്ച്‌ ബസ് നിർത്തിക്കുകയായിരുന്നു. ബസ്സില്‍നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.ദിവസവും പുലർച്ചെ ആറിന് മാത്ര, കോക്കാട് വഴി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് സർവീസ് നടത്തുന്ന വേണാട് ബസ്സാണ് കടത്താൻ ശ്രമിച്ചത്. ഡിപ്പോയിലെ സ്ഥലപരിമിതി മൂലം പല ബസ്സുകളും റോഡിലാണ് നിർത്താറുള്ളത്. ഇതാണ് മോഷ്ടാവിന് സൗകര്യമായത്. സംഭവത്തെക്കുറിച്ച്‌ ഡിപ്പോ അധികൃതർ പോലീസില്‍ പരാതിനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *