നമ്മുടെ അടുക്കളകളില്‍ സുലഭമായി കാണുന്ന ഒരു പച്ചക്കറിയാണ് സവാള. നിരവധി പോഷകങ്ങള്‍ സവാളയില്‍ അടങ്ങിയിട്ടുണ്ട് ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും സംയുക്തങ്ങളും വീക്കം തടയുകയും ട്രൈഗ്ലിസറൈഡ്, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
നമ്മള്‍ ദിവസവും കൂടുതല്‍ സവാള ഉള്‍പ്പെടുന്ന ഭക്ഷണം ശീലമാക്കണം. ഇതിന് ഏഴു കാരണങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം…
ഹൃദയാരോഗ്യം സംരക്ഷിക്കും- സവാളയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ ഘടകങ്ങള്‍, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കും. പ്ലേറ്റ്‌ലറ്റ് അടിയുന്നത് തടയാനും സവാള സഹായിക്കും. ഇതുവഴി ഹൃദയത്തെ പൊന്നുപോലെ കാക്കാന്‍ സവാളയ്‌ക്ക് സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പ്രമേഹം നിയന്ത്രിക്കും- സള്‍ഫര്‍ ഘടകങ്ങള്‍ കൂടാതെ സവാളയില്‍ അടങ്ങിയിട്ടുള്ള ക്വര്‍സെറ്റിന്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ലതുപോലെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും- സവാളയില്‍ കൂടുതലായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ശരീര കോശങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.
സമ്മര്‍ദ്ദം കുറയ്‌ക്കും- മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുന്ന ക്വര്‍സെറ്റിന്‍ സവാളയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിനൊപ്പം, സവാള ചെറുതായി അരിഞ്ഞ പച്ചയ്‌ക്ക് കഴിച്ചാല്‍ ക്വര്‍സെറ്റിന്റെ ഗുണം നമുക്ക് കൂടുതലായി ലഭിക്കും.
ക്യാന്‍സറിനെ പ്രതിരോധിക്കും- സവാളയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളും ഓര്‍ഗാനോ സള്‍ഫര്‍ ഘടകങ്ങളും ക്യാന്‍സറിനെ നന്നായി പ്രതിരോധിക്കാന്‍ സഹായിക്കും. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വൃക്കയില്‍ ക്യാന്‍സര്‍, വായിലെ ക്യാന്‍സര്‍, സ്‌തനാര്‍ബുദം തുടങ്ങിയവയൊക്കെ പ്രതിരോധിക്കാന്‍ സവാളയ്‌ക്ക് സാധിക്കും.
ചര്‍മ്മ സംരക്ഷണം- ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കാന്‍ സവാളയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും.മുഖക്കുരു ചികില്‍സയ്‌ക്കും സവാള ഉപയോഗിക്കുന്നത് നല്ലതാണ്.
ബീജത്തിന്റെ എണ്ണവും ആരോഗ്യവും വര്‍ദ്ധിപ്പിക്കും- സവാളയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്, പുരുഷ ബീജത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ബീജത്തിന്റെ എണ്ണവും ഗുണമേന്മയും വര്‍ദ്ധിപ്പിക്കാനും സവാള സഹായിക്കും. ഇതിനായി സവാള ജ്യൂസ് അടിച്ചു കുടിക്കുന്നത് നല്ലതാണെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ വ്യക്തമായതാണ്.