ഹമാസ് സൈനിക വിഭാഗം മേധാവി മുഹമ്മദ് ദെയ്ഫ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രയേല്‍. 2024 ജൂലൈ മാസത്തില്‍ നടന്ന വ്യോമാക്രമണത്തിലാണ് മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ അവകാശപ്പെട്ടതെന്നാണ് റോയിട്ടേഴ്‌സ്, ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഖാന്‍ യൂനിസില്‍ ജൂലൈ 13 നടന്ന വ്യോമാക്രമണത്തിലാണ് മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ മുഹമ്മദ് ദെയ്ഫിന്റെ മരണത്തേക്കുറിച്ച് ഹമാസ് ഇനിയും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ഒക്ടോബര്‍ 7ന് തെക്കന്‍ ഇസ്രയേലിലുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു മുഹമ്മദ് ദെയ്ഫ് എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. 1200ഓളം പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായീല്‍ ഹനിയ്യ ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്‌റാനിലെത്തിയപ്പോഴാണ് ഇസ്മായീല്‍ ഹനിയ്യ കൊല്ലപ്പെട്ടത്.