ഹജ്ജ് കരാറിൽ ഇന്ത്യ ഒപ്പിട്ടു; ക്വാട്ടയിൽ മാറ്റമില്ല

ജിദ്ദ : ഈവർഷത്തെ ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട കരാറിൽ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയുമാണ് കരാറിൽ ഒപ്പിട്ടത്. ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഹജ്ജ് കോൺസൽ അബ്ദുൽ ജലീൽ എന്നിവരടക്കമുള്ളവർ ചടങ്ങിൽ സംബന്ധിച്ചു. കഴിഞ്ഞ വർഷത്തെപ്പോലെ 1,75,025 പേർക്കാണ് ഇന്ത്യയിൽനിന്ന് ഹജ്ജ് ചെയ്യാൻ ഇത്തവണയും അനുമതിയുള്ളത്.

സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ കിരൺ റിജിജു മറ്റ് ഉന്നതതല യോഗങ്ങളിലും പങ്കെടുക്കും. റിയാദിൽ ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് ബിൻ നാസർ അൽ ജാസറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്ക് ഇന്ത്യക്കാർക്ക് ഹറമൈൻ തീവണ്ടി സർവീസ് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിക്കും.

മക്ക മേഖലാ ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനും സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിൻസ് ഖാലിദ് അൽഫൈസൽ, മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ എന്നിവരെയും മന്ത്രി സന്ദർശിക്കും.

Leave a Reply

Your email address will not be published. Required fields are marked *