എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ അനുമതി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിന് വേണ്ടിയാണിത്. ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളവർദ്ധനവിന് ഇത് സഹായിക്കും
കേന്ദ്ര സർക്കാർ ജീവനക്കാരുടെ വേതനം അവലോകനം ചെയ്യുന്നതിനും അതിൽ വരുത്തേണ്ട അടിയന്തര മാറ്റങ്ങൾ ശുപാർശ ചെയ്യുന്നതിനുമാണ് ശമ്പള കമ്മീഷൻ (8TH PAY COMMISSION) രൂപീകരിക്കുന്നത്. ഇതിനായി പ്രധാനമന്ത്രി മോദി അനുമതി നൽകിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും ഉടൻ തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
സർക്കാർ ജീവനക്കാർക്ക് ഗുണം ചെയ്യുന്ന നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് 2026-ഓടെ എട്ടാം ശമ്പള കമ്മീഷൻ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മിനിമം ശമ്പളത്തിൽ നിന്ന് 186 ശതമാനം വർദ്ധനവ് വേണമെന്ന ആവശ്യം കമ്മീഷൻ മുന്നോട്ടുവെക്കുമെന്നാണ് സൂചന. നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. പെൻഷൻ വാങ്ങുന്നവർക്കും സമാനമായി വർദ്ധനവ് പ്രതീക്ഷിക്കുന്നു. നിലവിൽ 9,000 രൂപയാണ് കുറഞ്ഞ പെൻഷൻ. ഇത് 25,740 രൂപയായി ഉയരുമെന്നാണ് കണക്കുകൂട്ടൽ.
7-ാം ശമ്പള കമ്മീഷൻ
2014 ഫെബ്രുവരിയിലാണ് ഏഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. ഇവരുടെ ശുപാർശകൾ 2016 ജനുവരി ഒന്ന് മുതൽ നടപ്പിലാക്കി. അടിസ്ഥാന ശമ്പളം 7,000 ൽ നിന്ന് 18,000 ആയി ഉയർത്തുക എന്നതായിരുന്നു പ്രധാന ശുപാർശ. ഇത് പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു.
സാധാരണഗതിയിൽ പത്ത് വർഷം കൂടുമ്പോഴാണ് ശമ്പള കമ്മീഷൻ രൂപീകരിക്കുക. എന്നിരുന്നാലും ഈ ഇടവേള സംബന്ധിച്ച് നിയമപരമായ ചട്ടങ്ങൾ നിലവിലില്ല. പത്ത് വർഷം കൂടുമ്പോൾ രൂപീകരിക്കുന്നത് പതിവ് നടപടിക്രമം മാത്രമാണ്. നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻ വാങ്ങുന്നവരുമുൾപ്പടെ ഒരു കോടി പേരുണ്ടെന്നാണ് കണക്ക്.