അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 ദ റൂളിന് സൗദി അറേബ്യയില്‍ കട്ട്. ഏറെ ചർച്ച ചെയ്യപ്പെട്ട ‘ഗംഗമ്മ ജാതാര’ സീക്വൻസാണ് നീക്കം ചെയ്തത്.
ഹിന്ദു ദൈവങ്ങളെ ചിത്രീകരിച്ചതിന്റെ പേരിലാണ് 19 മിനിറ്റുള്ള ഭാഗം നീക്കിയത്. രാജ്യത്ത് പ്രദർശിപ്പിച്ച പതിപ്പില്‍ നിന്ന് ഈ എഡിറ്റുകളുടെ ഫലമായി സിനിമയുടെ മൊത്തത്തിലുള്ള ദൈർഘ്യം 19 മിനിറ്റ് കുറഞ്ഞു.
സിനിമയിലെ ജാതാര സീനുകളെ കുറിച്ചാണ് സിനിമാ പ്രേമികള്‍ പ്രധാനമായും ആദ്യ ഷോ കണ്ട ശേഷം സംസാരിച്ചത്. എന്നാല്‍ സൗദി അറേബ്യയില്‍ വച്ച് സിനിമ കാണുന്നവര്‍ക്ക് ഈ സീന്‍ നഷ്ടമാകും.
കര്‍ണാടകയിലും ആന്ധ്രയിലും ആഘോഷിക്കപ്പെടുന്ന നാടന്‍ കലാരൂപമാണ് ഗംഗമ ജാതാര. ദൈവ രൂപത്തിലാണ് ഈ രംഗങ്ങളില്‍ അല്ലു അര്ജുന് എത്തുന്നത്. ഈ പശ്ചാത്തലത്തിലുള്ള സംഘട്ടന രംഗത്തിന് മാത്രം 75 കോടിയോളം രൂപ ചെലവഴിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. ഈ ഭാഗം ഉള്‍പ്പെടുന്ന 19 മിനുട്ട് കട്ട് ചെയ്താണ് സിനിമ സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ ഭാഗങ്ങള്‍ ഒഴിവാക്കിയ ശേഷം 3.1 മണിക്കൂറാണ് സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ എന്ന് നിരൂപകന് മനോബാല വിജയബാലന്‍ എക്സില്‍ കുറിച്ചു.
അതേസമയം, കളക്ഷനില്‍ സര്‍വ റെക്കോര്‍ഡുകളും പുഷ്പ 2 തിരുത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. കെജിഎഫ് 2, ബാഹുബലി 2, ജവാന് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കുമെന്നും കരുതപ്പെടുന്നു. ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 175.1 കോടി രൂപ കളക്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്. ഓവർസീസ് കളക്ഷൻ കൂടിയാകുമ്ബോള്‍ ഇത് 200 കോടി കടന്നേക്കും.
എസ് എസ് രാജമൗലിയുടെ ആർആർആർ സിനിമയുടെ ആദ്യദിന കളക്ഷനും(156 കോടി) പുഷ്പ തകർത്തു. ഒരേദിവസം രണ്ടു ഭാഷകളില്‍ (തെലുങ്ക്, ഹിന്ദി) 50 കോടി കളക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായും അല്ലു അർജുൻ ചിത്രം മാറി. ഷാരൂഖ് ഖാന് ചിത്രം ജവാന്റെ റെക്കോഡും ചിത്രം മറികടന്നു. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ്. ഇതോടെ ഷാരൂഖ് ഖാന്റെ ജവാന്റെ 64 കോടിയുടെ റെക്കോര്‍ഡ് മറികടക്കാനും ഹിന്ദി പതിപ്പിനായി.
തമിഴില്‍ നിന്നും ആദ്യ ദിനം ഏഴ് കോടിയാണ് ലഭിച്ചത്. മലയാളത്തില്‍ നിന്നും അഞ്ച് കോടിയും കര്‍ണാടകയില്‍നിന്ന് ഒരു കോടിയും ചിത്രം നേടി. ചിത്രം ഇന്ത്യയിലെ എക്കാലത്തെയും വലിയ ഓപ്പണിങ് ഡേ കളക്ഷന്‍ എന്ന റെക്കോഡിട്ടതായാണ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.