സൗത്ത്ഗേറ്റ് രാജിവച്ചു

തുടർച്ചയായ രണ്ടാം യൂറോ കപ്പിന്റെ ഫൈനലിലും തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതിന് പിന്നാലെ ഇംഗ്ളണ്ട് ഫുട്ബാള്‍ ടീം കോച്ച്‌ ഗാരേത്ത് സൗത്ത്ഗേറ്റ് രാജിവച്ചു.2016ലാണ് ഇംഗ്ളണ്ടിന്റെ മുൻ താരം കൂടിയായ സൗത്ത്ഗേറ്റ് ദേശീയ ടീമിന്റെ പരിശീലനച്ചുമതല ഏറ്റെടുത്തത്.

102 മത്സരങ്ങളില്‍ ടീമിന്റെ കോച്ചായി. 61 മത്സരങ്ങളില്‍ വിജയം നല്‍കി. 24 മത്സരങ്ങളില്‍ സമനില. തോറ്റത് 17 കളികളില്‍ മാത്രം. 63 ആണ് വിജയശതമാനം.

2021ലെയും 2024ലെയും യൂറോ കപ്പുകളില്‍ ടീമിനെ ഫൈനലില്‍ എത്തിച്ചത് മാത്രമല്ല 2018 ലോകകപ്പില്‍ സെമിഫൈനലില്‍ കളിപ്പിക്കുകയും ചെയ്തു.2022ല്‍ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലുമെത്തി. ഇംഗ്ളീഷ് ഫുട്ബാള്‍ ടീമിനെ മികച്ച ഒരു നിരയാക്കി മാറ്റിയെടുത്തത് സൗത്ത്ഗേറ്റാണ്. കഴിഞ്ഞ യൂറോ കപ്പിന്റെ ഫൈനലില്‍ ഇറ്റലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് തോറ്റത്.

1995 മുതല്‍ 2004വരെയുള്ള കാലഘട്ടത്തില്‍ വിശ്വസ്തനായ ഡിഫൻസീവ് മിഡ്ഫീല്‍ഡറായിരുന്നു സൗത്ത്ഗേറ്റ്. 57 മത്സരങ്ങളാണ് രാജ്യത്തിന് വേണ്ടി കളിച്ചത്. 1996ലെ യൂറോകപ്പിന്റെ സെമിഫൈനലില്‍ ജർമ്മനിക്ക് എതിരായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ളണ്ടിന്റെ അവസാന പെനാല്‍റ്റി കിക്ക് പാഴാക്കിയത് സൗത്ത്ഗേറ്റായിരുന്നു. 1998 ലോകകപ്പിലും 2000 യൂറോ കപ്പിലും ഇംഗ്ളണ്ടിനായി കളത്തിലിറങ്ങിയിരുന്നു. കളിക്കാരനായി ടീമിന് നേടിക്കൊടുക്കാൻ കഴിയാതിരുന്ന കിരീ‌ടം പരിശീലകനെന്ന നിലയില്‍ സ്വന്തമാക്കാനാണ് സൗത്ത്ഗേറ്റ് കഴിഞ്ഞ എട്ടുവർഷമായി ശ്രമിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് യൂറോ കപ്പുകളിലും അത് അവസാനനിമിഷം പൊലിഞ്ഞുപോയി. ഇക്കുറി യൂറോകപ്പ് ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പെയ്നിനോട് ഇംഗ്ളണ്ടിന്റെ തോല്‍വി. രണ്ടാം പകുതിയുടെ രണ്ടാം മിനിട്ടില്‍ നിക്കോ വില്യംസിലൂടെ ഗോളടിച്ച സ്പെയ്നിനെ കോള്‍ പാമറെ പകരക്കാരനായിറക്കി 73-ാം മിനിട്ടില്‍ സമനിലയിലാക്കിയെങ്കിലും 86-ാം മിനിട്ടിലെ മൈക്കേല്‍ ഒയാർസബാലിന്റെ ഗോളിലൂടെ സ്പെയ്ൻ വിജയം കാണുകയായിരുന്നു.

കളിക്കാരനായും കോച്ചായും ഇംഗ്ളണ്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. പക്ഷേ ടീമിനെ കിരീടമണിയിക്കുകയെന്ന ലക്ഷ്യത്തിലെത്താൻ നിർഭാഗ്യവശാല്‍ എനിക്ക് കഴിയാതെ പോയി. ഇനിയൊരു മാറ്റം ടീമിന് അനിവാര്യമാണ്.

– ഗാരേത്ത് സൗത്ത്ഗേറ്റ്

Leave a Reply

Your email address will not be published. Required fields are marked *