സ്വര്‍ണക്കടത്തിന് സഹായം; ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ഫോണിന് വിലക്ക്

സ്വർണക്കടത്തുകാർക്ക് സഹായിക്കുന്നതിന് തടയിടാൻ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വിലക്ക്.

ജോലി സമയം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാൻ പാടില്ലെന്നാണ് കംസ്റ്റംസ് പ്രിൻസിപ്പല്‍ കമ്മിഷണർ നല്‍കിയിരിക്കുന്ന നിർദേശം. ജോലി സമയത്ത് വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

മലേഷ്യ, യു.എ.ഇ., തായ്ലാൻഡ്, സിങ്കപ്പൂർ എന്നിവിടങ്ങളില്‍നിന്ന് ചെന്നൈ വിമാനത്താവളം മുഖേന രാജ്യത്തേക്ക് വൻതോതില്‍ സ്വർണം കടത്തുന്നുണ്ട്. ഇതിന് കസ്റ്റംസ് ഉദ്യോഗസ്ഥർ സഹായിക്കുന്നുവെന്നാണ് സംശയിക്കുന്നത്. വിമാനത്താവളത്തില്‍ പ്രവർത്തിച്ചിരുന്ന ഗിഫ്റ്റ് കട കേന്ദ്രീകരിച്ച്‌ കഴിഞ്ഞിടയ്ക്ക് നടത്തിയ സ്വർണക്കടത്തില്‍ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ നടപടി.

കടത്തലുകാർ സമ്മാനിക്കുന്ന വിദേശ സിം കാർഡ് അടങ്ങുന്ന മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച്‌ ഉദ്യോഗസ്ഥർ അവരെ സഹായിക്കുന്നുവെന്നാണ് സംശയിക്കുന്നത്. വിദേശ സിം കാർഡായതിനാല്‍ ഇവർ തമ്മില്‍ നടത്തുന്ന ആശയവിനിമയത്തിന്റെ വിവരങ്ങള്‍ പരിശോധിക്കാൻ അന്വേഷണ ഏജൻസികള്‍ക്കും എളുപ്പമല്ല. അതിനാലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗം തന്നെ വിലക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *