രാജ്യത്തിന്റെ കണ്ണുകള്‍ നീരജിലേക്കാണ്. ഒളിമ്ബിക്‌സ് അത്‌ലറ്റിക്‌സില്‍ ജാവലിൻ ത്രോയിലൂടെ രാജ്യത്തിന് ആദ്യമായി സ്വർണം സമ്മാനിച്ച താരം.
ചരിത്രനേട്ടം ആവർത്തിക്കാൻ നീരജ് ഇന്ന് യോഗ്യതാ മത്സരത്തിനിറങ്ങും. തുടയിലെ പേശികള്‍ക്കേറ്റ പരിക്ക് മൂലം സീസണിലെ പല മത്സരങ്ങളും നഷ്ടമായെങ്കിലും വിശ്രമമെടുത്ത് പൂർണ സജ്ജനായിട്ടാണ് നീരജ് ഇറങ്ങുന്നത്.
ഉച്ചയ്‌ക്ക് 1.50-ന് ആരംഭിക്കുന്ന മത്സരത്തില്‍ കിഷോർ കുമാർ ജെനയും കളത്തിലിറങ്ങും. ഓഗസ്റ്റ് 8-നാണ് ഫൈനല്‍. ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് നീരജെങ്കില്‍ 7-ാമതാണ് കിഷോർ കുമാർ ജെന. യോഗ്യത റൗണ്ടില്‍ രണ്ട് ഗ്രൂപ്പുകളിലായി 32 പേരാണ് മത്സരിക്കുന്നത്. 84 മീറ്റർ പിന്നിടുന്ന ഏതൊരു താരവും ഫൈനലിന് യോഗ്യത നേടും. കിഷോർ കുമാർ ഗ്രൂപ്പ് എയിലാണ്. നീരജിന് കടുത്ത വെല്ലുവിളിയുയർത്തുന്ന അർഷാദ് നദീം താരത്തിനൊപ്പം ബി ഗ്രൂപ്പിലാണ്.
ടോക്കിയോ ഒളിമ്ബിക്‌സില്‍ 87.58 മീറ്റർ ദൂരത്തില്‍ ജാവലിൻ എത്തിച്ചുകൊണ്ടാണ് നീരജ് ചരിത്രസ്വർണം നേടിയത്. ഇതിന് ശേഷം ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യൻഷിപ്പില്‍ വെള്ളിയും നേടി. കഴിഞ്ഞ വർഷം ബുഡാപെസ്റ്റില്‍ ഈ നേട്ടം സ്വർണ്ണമായി ഉയർത്തി. അതും ചരിത്രനേട്ടമായിരുന്നു. ലോക അത്‌ലറ്റിക്‌സില്‍ ആദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്.