ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നതിന് പുറമെ വീടുകൾ കൂടി ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് പുന്നയൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ഫിഷറീസ് ഉന്നതി നിവാസികൾ.
1972ൽ ഫിഷറീസ് വകുപ്പ് നൽകിയ ഇരട്ട വീടുകളിൽ ജീവിതം ആരംഭിച്ചവർ ഇന്ന് സ്വന്തമായ ഭൂമി എന്ന സ്വപ്നം കൈവരിച്ചിരിക്കുകയാണ്.
എൻ.കെ കുഞ്ഞാദു സായിബ് എന്ന വ്യക്തി ഫിഷറീസ് ഡിപ്പാർട്മെന്റിന് നൽകിയ 1.20 ഏക്കർ ഭൂമിയിലായിരുന്നു ഈ വീടുകൾ. ആകെ 25 കുടുംബങ്ങൾ ഉണ്ടായിരുന്നതിൽ പത്ത് കുടുംബങ്ങൾക്ക് 2004ൽ പട്ടയം ലഭിക്കുകയുണ്ടായി. എന്നാൽ ശേഷിക്കുന്ന 15 കുടുംബങ്ങൾക്ക് അസറ്റ് ഉണ്ടെങ്കിലും രേഖകൾ ഇല്ലാത്തതിനാൽ എൻഒസി തരാൻ സാധിക്കില്ലെന്ന സാങ്കേതിക പ്രശ്നം അവിടെ ഊരാക്കുടുക്ക് ആയിമാറി. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ തീരദേശ സദസ്സ് നടത്തുന്നതിന്റെ ഭാഗമായി വന്നപ്പോൾ ഈ പ്രശ്നത്തിന്റെ ഗൗരവം മന്ത്രിയെ അറിയിക്കുകയും അദ്ദേഹത്തിന്റെ അടിയന്തിര ഇടപെടൽ മൂലം ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും എൻഒസി ലഭിക്കുകയും ചെയ്തു.
പട്ടയം ലഭിച്ചതിന് പുറമെ ഇടിഞ്ഞു പൊളിഞ്ഞ അവസ്ഥയിലുള്ള ഈ വീടുകൾ പുനർനിർമ്മിക്കുന്നതിനായി ഇന്റഗ്രേറ്റഡ് മോഡൽ ഫിഷ് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ഈ ഉന്നതി നവീകരണത്തിനായി മാറ്റി വച്ചിരിക്കുകയാണ്. 20 വീടുകൾ പൂർണമായും പണിയുന്നതിനും നാല് വീടുകൾക്ക് അറ്റകുറ്റപണികൾ ചെയ്യുന്നതിനും എഗ്രിമെന്റ് ആയിക്കഴിഞ്ഞു. തങ്ങളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം സഫലമാക്കിയതിന് സർക്കാരിനും കൂടെ നിന്നവർക്കും നന്ദി പറയുകയാണ് ഉന്നതി നിവാസികൾ.


