സ്മാര്‍ട്ട് സ്കോളര്‍ഷിപ്: പ്രിലിമിനറി എക്സാം സംഘടിപ്പിച്ചു

 സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള അംഗീകൃത മദ്റസകളിലെ വിദ്യാർഥികളുടെ മതപഠനം ആസ്വാദ്യകരമാക്കാനും പൊതുവിജ്ഞാനം വർധിപ്പിച്ച്‌ മത്സരപരീക്ഷകള്‍ക്ക് സജ്ജരാക്കാനുമുള്ള സ്മ‌ാർട്ട് സ്കോളർഷിപ് പ്രാഥമിക പരീക്ഷ ബഹ്റൈനിലെ വിവിധ മദ്റസകളില്‍ നടന്നു.

ഫിഖ്ഹ്, അഖീദ, തജ്‌വീദ്, ചരിത്രം, ഗണിതം, ഫിസിക്സ്, സയൻസ് തുടങ്ങി മത വിജ്ഞാനം, ഭൗതികവിജ്ഞാനം, പൊതു വിജ്ഞാനം എന്നിവയില്‍ പ്രത്യേകം മികവ് പുലർത്തുന്ന വിദ്യാർഥികളെ വിവിധ മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കാനും പഠനം ആസ്വാദ്യകരമാക്കാനും ഉതകുന്ന രീതിയിലാണ് സ്മാർട്ട്‌ എക്സാം ക്രമീകരിച്ചിരിക്കുന്നത്.

ബഹ്‌റൈനിലെ 13 മജ് മഉ തഅലീമില്‍ ഖുർആൻ മദ്റസകളില്‍ നിന്നും തിരഞ്ഞെടുത്ത 84 വിദ്യാർഥികള്‍ റഫ, സല്‍മാബാദ്, ഉമ്മുല്‍ ഹസം, റാസ് റുമാൻ, ഹമദ് ടൗണ്‍ എന്നിവിടങ്ങളില്‍ പരീക്ഷയെഴുതി.

ബഹ്‌റൈൻ ഐ.സി.എഫ് എജുക്കേഷൻ സമിതിയുടെയും സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്റെയും നേതൃത്വത്തിലുള്ള സൈനുദ്ദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുല്‍ കരീം, മമ്മൂട്ടി മുസ്‌ലിയാർ, അബ്ദുല്‍ ഹകീം സഖാഫി, റഫീഖ് ലത്തീഫി, അബ്ദു റഹീം സഖാഫി, യൂസുഫ് അഹ്സനി, ശിഹാബ് സിദ്ദീഖി, മൻസൂർ അഹ്സനി, മജീദ് സഅദി, നസീഫ് അല്‍ ഹസനി എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് പരീക്ഷക്ക് മേല്‍ നോട്ടം വഹിക്കുന്നത്. ഫൈനല്‍ പരീക്ഷ നവംബർ 30ന് നടക്കും. ഒ.എം.ആർ സിസ്റ്റം അവലംബിച്ചായിരിക്കും ഫൈനല്‍ എക്സാം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *