സ്ഥലം മാറിയവര്‍ക്ക് പകരക്കാരെത്തിയില്ല; വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനം താളം തെറ്റി

പൊതു സ്ഥലമാറ്റത്തെ തുടർന്ന് രണ്ടരമാസത്തോളമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ പകരം ജീവനക്കാർ എത്താത്തതിനാല്‍ വെളിയങ്കോട് ഗ്രാമ പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങള്‍ താളം തെറ്റി.

സെക്രട്ടറി, അക്കൗണ്ടന്റ്, മൂന്ന് സീനിയർ ക്ലാർക്ക്, ഒരു ജൂനിയർ ക്ലാർക്ക്, രണ്ട് ഓവർസിയർമാർ, വി.ഇ ഒ തുടങ്ങി ഒൻപത് തസ്തികളാണ് ഒഴിഞ്ഞുകിടക്കുന്നത്.

ഇതുമൂലം കെട്ടിടങ്ങള്‍ക്ക് നമ്ബറിടല്‍, നിർമാണാനുമതി, പൊതുമരാമത്ത് പ്രവൃത്തികളുടെ മേല്‍നോട്ടം, സമയബന്ധിതമായി ബില്ലുകള്‍ മാറി നല്‍കല്‍, സിവില്‍ റജിസ്ട്രേഷൻ, സാമൂഹിക ക്ഷേമ പെൻഷൻ അപേക്ഷകളിലെ തുടർ നടപടി തുടങ്ങി പൊതു ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒട്ടേറെ സേവനങ്ങള്‍ നല്‍കുന്നതിന് കടുത്ത പ്രയാസം നേരിടുകയാണ്.

ജീവനക്കാരുടെ അഭാവത്താല്‍ ഗ്രാമപഞ്ചായത്തിന്റെ 2024 – 25 വാർഷിക പദ്ധതി ഉള്‍പ്പെടെ പല വികസന പദ്ധതികളും സമയബന്ധിതമായി പൂത്തീകരിക്കാൻ കഴിയുന്നില്ലെന്നും കൂടാതെ സർക്കാരിന്റെ പ്രാധാന പദ്ധതികളായ മാലിന്യ മുക്തം നവകേരളം, അതിദാരിദ്ര നിർമാർജനം തുടങ്ങിയവയുടെ തുടർ പ്രവർത്തനങ്ങള്‍ സുഗമമായി നടത്താനാകാത്ത സാഹചര്യമാണന്നും ഭരണസമിതി വിലയിരുത്തി.

പഞ്ചായത്ത് പ്രവർത്തനങ്ങള്‍ സുഗമമാക്കാൻ അടിയന്തിരമായി ജീവനക്കാരെ നിയമിക്കണമെന്ന് വകുപ്പ് മേധാവികളോട് ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേല്‍ ഷംസു അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, സ്ഥിരം സമിതി അധ്യക്ഷരായ സെയ്ത് പുഴക്കര, മജീദ് പാടിയോടത്ത്, റംസി റമീസ്, അംഗങ്ങളായ ഹുസ്സെൻ പാടത്തകായില്‍, മുസ്തഫ മുക്രിയത്ത്, ഷരീഫ മുഹമ്മദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *