കോഴിക്കോട്:
സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്ന് കാന്തപുരം വിമര്‍ശിച്ചു
മെക് 7 വ്യായാമ മുറക്കെതിരെ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്ന് കാന്തപുരം വിമര്‍ശിച്ചു. ഇക്കാര്യം പറയുമ്പോള്‍ വ്യായാമം വേണ്ടേയെന്ന ചോദ്യം തിരിച്ച് ചോദിച്ച് നമ്മളൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകളുണ്ടെന്നും കാന്തപുരം പറഞ്ഞു. മെക് 7 നില്‍ കാന്തപുരത്തിന്റെ നിലപാടിനെതിരെ റിട്ട. ജസ്റ്റിസ് കമാല്‍ പാഷ രംഗത്തെത്തിയിരുന്നു.
‘വ്യായാമം എന്ന പേരില്‍ പദ്ധതി ആരംഭിച്ച് എല്ലാ കുഗ്രാമങ്ങളിലും ടൗണുകളിലും അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന പല സദസ്സുകളെ സംബന്ധിച്ചും അന്വേഷിച്ച് നോക്കുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുകൊണ്ട് മാത്രമല്ല സ്ത്രീകള്‍ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തില്‍ ഏര്‍പ്പെടുകയും സ്ത്രീ പുരുഷന്‍ തമ്മില്‍ നോക്കലും കാണലും ഹറാം ആണെന്ന ധാരണ ഇല്ലാതാക്കി നാശങ്ങളും നഷ്ടങ്ങളും വരുത്തുന്ന പ്രവണതയാണ് കേള്‍ക്കുന്നത്. ദീനില്‍ നിന്നും ആളുകളെ ഒഴിവാക്കുകയാണ്. ഹറാം ചെയ്യുന്നതിന് ഒരു മടിയുമില്ല. വ്യായാമം വേണ്ടേയെന്ന ചോദ്യം ചോദിച്ച് നമ്മള്‍ക്കൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകള്‍’ എന്നായിരുന്നു കാന്തപുരത്തിൻ്റെ പ്രതികരണം.
പണ്ടുകാലത്ത് സ്ത്രീകള്‍ പുരുഷന്മാരെ കാണുന്നതും കേള്‍ക്കുന്നതും സംസാരിക്കുന്നതും ആവശ്യത്തിന് മാത്രമാണെന്നും നിബന്ധനകളോടെയെ ഇത് ചെയ്യാവൂവെന്ന ഇസ്ലാമിന്റെ നിര്‍ദേശം സ്ത്രീകള്‍ അനുസരിക്കുകയായിരുന്നുചെയ്തത്. ആ മറ എടുത്തുകളഞ്ഞ്, വ്യായാമത്തിന് വേണ്ടി ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് യാതൊരു നിരോധവും ഇല്ലായെന്ന് പഠിപ്പിച്ച്, വമ്പിച്ച നാശം ലോകത്ത് ഉണ്ടാക്കുന്നുവെന്നതാണ് കേള്‍വി. ഞാന്‍ കാണാന്‍ പോയിട്ടില്ല. കേള്‍ക്കുന്നതൊന്നും ശരിയല്ലെന്ന് മറുപടി പറയും. ചെറുപ്പക്കാരെ തിരിച്ചുവിടുന്ന വഴിയാണിത്’, കാന്തപുരം വിമര്‍ശിച്ചു.
മെക് 7 നെതിരെ നേരത്തേയും സുന്നി കാന്തപുരം വിഭാഗം രംഗത്തെത്തിയിരുന്നു. പുരുഷന്മാര്‍ സ്ത്രീകള്‍ക്കൊപ്പം അഭ്യാസ മുറകള്‍ പരിശീലിക്കുന്നത് ശരിയല്ലെന്നും സുന്നി വിശ്വാസികള്‍ ജാഗ്രതപാലിക്കണമെന്നും മുശാവറ മുന്നറിയിപ്പ് നല്‍കിയിരുന്നു.