സ്‌കൂള്‍ കായികമേളയിൽ പ്രതിഷേധിച്ച സ്കൂളുകളുടെ വിലക്ക് പിൻവലിക്കും’ ; വി ശിവൻകുട്ടി

തിരുവനന്തപുരം

കായിക മേളയിലെ മോശം പെരുമാറ്റത്തിന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയാണ് പിൻവലിക്കുന്നത്.

സ്കൂൾ കായികമേളയുടെ സമാപന സമ്മേളന വേദിയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കായിക മേളയിലെ മോശം പെരുമാറ്റത്തിന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയാണ് പിൻവലിക്കുന്നത്. വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങും.

തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളുടെ വിലക്കാണ് നീങ്ങുന്നത്. കമ്മിറ്റി റിപ്പോർട്ടിന് ശേഷം അധ്യാപകർക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. വിലക്ക് പിൻവലിക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് നേരത്തെ എടുത്തിരുന്നുവെന്നും മന്ത്രി അറിയിച്ചു.

നവംബറിൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേള സമാപനച്ചടങ്ങിൽ പോയിൻ്റ് തർക്കത്തെച്ചൊല്ലി വിദ്യാർത്ഥികളും പൊലീസുമായി സംഘർഷം ഉണ്ടായ പശ്ചാത്തലത്തിലാണ് സർക്കാർ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. രണ്ടും മൂന്നും സ്ഥാനത്തുവന്ന സ്‌കൂളിനെ തഴഞ്ഞ് മറ്റൊരു സ്‌കൂളിന് ട്രോഫി നല്‍കി എന്നാരോപിച്ചായിരുന്നു വിദ്യാർത്ഥികൾ സമാപനച്ചടങ്ങിൽ രംഗത്തെത്തിയത്. മികച്ച സ്‌കൂളുകളുടെ വിഭാഗത്തില്‍ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസ് ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളില്‍ 44 പോയിന്റോടെ തിരുനാവായ നവാമുകുന്ദ എച്ച് എസ് എസ് രണ്ടാം സ്ഥാനത്തെത്തി. 43 പോയിന്റോടെ കോതമംഗലം മാര്‍ ബേസില്‍ മൂന്നാം സ്ഥാനത്തുമെത്തി. എന്നാല്‍ ഇവര്‍ക്ക് പകരം സ്‌പോര്‍ട്‌സ് സ്‌കൂളായ ജി വി രാജയെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രണ്ടാം സ്ഥാനം നല്‍കിയെന്നായിരുന്നു ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *