സ്‌കൂളിലെ ഉച്ചഭക്ഷണം; സര്‍ക്കാര്‍ അനുവദിക്കുന്ന തുക എങ്ങനെ വിനിയോഗിക്കുമെന്ന് വ്യക്തമാക്കണം: ഹൈക്കോടതി

സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക എങ്ങനെ വിനിയോഗിക്കുമെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

2024-2025 വര്‍ഷത്തേക്കുള്ള സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ അനുബന്ധ ചെലവുകള്‍ക്കായി 232 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തുക കണക്കാക്കാന്‍ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും അവര്‍ വിതരണം ചെയ്യുന്ന രീതിയെക്കുറിച്ചും സര്‍ക്കാര്‍ കോടതിയെ അറിയിക്കണം.

സംസ്ഥാനത്തിന്റെ ഫണ്ട് അപര്യാപ്തവും സമയബന്ധിതമായി വിതരണം ചെയ്യാത്തതിനാല്‍ സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ് സ്വന്തം പോക്കറ്റില്‍ നിന്ന് വഹിക്കണമെന്ന് കാണിച്ച്‌ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. സിയാദ് റഹ്മാന്‍ നിര്‍ദേശം നല്കിയത്. കമ്മിറ്റികളുടെ സ്‌കീം അനുസരിച്ച്‌ സ്‌കൂള്‍തല കമ്മിറ്റികള്‍ക്ക് പദ്ധതി നടപ്പാക്കാന്‍ പരിമിതമായ റോളേയുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടുതല്‍ വാദം കേള്‍ക്കുന്നതിന് കേസ് 10ന് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *