മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരി കാര്‍ കയറി മരിച്ച സംഭവത്തില്‍ പ്രതി അജ്മല്‍ ഓടിച്ചിരുന്നത് സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ള കാറായിരുന്നെന്നും അപകടസമയത്ത് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ട്.
അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം ഇന്‍ഷുറന്‍സ് പുതുക്കി. സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ള കെഎല്‍ക്യൂ 23 9347 എന്ന നമ്ബറിലുള്ള കാറാണ് ഇത്.
സെപ്തംബര്‍ 15 നായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ ഡിസംബറില്‍ കാറിന്റെ ഇന്‍ഷുറന്‍സ് തീര്‍ന്നിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 16 ന് അപകടം നടന്നതിന്റെ പിറ്റേദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്ബനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് പുതുക്കി. ഓണ്‍ലൈന്‍ വഴിയാണ് ചെയ്തത്. മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ വെച്ച് അതിവേഗത്തില്‍ എത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയും യാത്രികയായ കുഞ്ഞുമോള്‍ താഴെ വീഴുകയും കാര്‍ ശരീരത്ത് കൂടി കയറ്റിയിറക്കിയ ശേഷം നിര്‍ത്താതെ പോകുകയായിരുന്നു എന്നുമാണ് ദൃക്‌സാക്ഷികള്‍ നല്‍കിയിട്ടുള്ള മൊഴി.
നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നു. അമിത വേഗത്തില്‍ പാഞ്ഞ കാര്‍ റോഡ് സൈഡില്‍ നിയന്ത്രണം വിട്ടാണ് നിന്നത്. ഇതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ കാര്‍ തടഞ്ഞു. യുവാക്കള്‍ കാറിന്റെ ഡോര്‍ തുറന്ന് അജ്മലിനെ പുറത്തിറക്കി. നാട്ടുകാര്‍ തടഞ്ഞുവെച്ചെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. പതിനാറിന് പുലര്‍ച്ചെ അജ്മലിനെ പൊലീസ് പിടികൂടുകയും ചെയ്തു.
അപകടസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. മയക്കുമരുന്ന് ഉപയോഗിച്ചോ എന്ന് സംശയമുണ്ട്. അപകടസ്ഥലത്തുനിന്ന് കാര്‍ വിട്ടു പോയ അജ്മലിനെ മര്‍ദിച്ചതിലും പോലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദനമേറ്റെന്ന ഡോക്ടറുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും അജ്മലിന്റെ മൊഴിയുടെയും അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന നാട്ടുകാരുടെ പേരിലാണ് കേസ്.